
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസിൽ നിർണായക കണ്ടെത്തലുമായി പോലീസ്. നിയമനത്തട്ടിപ്പിലെ പ്രതികളിലൊരാളായ അഖിൽ സജീവ് വ്യാജ ഇമെയിൽ ഉണ്ടാക്കിയതായി പൊലീസ് കണ്ടെത്തി. നാഷണൽ ആയുഷ് മിഷന്റെ പേരിലാണ് അഖിൽ സജീവ് വ്യാജ ഐഡി ഉണ്ടാക്കിയതെന്നും ഇതുവഴിയാണ് സന്ദേശം അയച്ചതെന്നുമാണ് പൊലീസ് വെളിപ്പെടുത്തൽ. വൈകാതെ നിയമനം ലഭിക്കുമെന്നായിരുന്നു ഇ മെയിൽ സന്ദേശം.
നിയമന കോഴക്കേസിൽ അഖിൽ സജീവിനെയും ലെനിനെയും പ്രതി ചേർത്തതായി പൊലീസ് അറിയിച്ചു. ഇരുവരും പണം വാങ്ങിയതിന് തെളിവുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വഞ്ചന, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതി ചേർത്തിരിക്കുന്നത്. നാളെ കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും പൊലീസ് അറിയിച്ചു. ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവിന്റെ പരാതിയിലാണ് നടപടി. ഹരിദാസനിൽ നിന്ന് ലെനിൻ 50000 വും അഖിൽ സജീവ് 25000 രൂപയും തട്ടിയെടുത്തതായി പൊലീസ് വെളിപ്പെടുത്തി. ബാസിതിനെ പ്രതി ചേർക്കുന്നതിൽ തീരുമാനം പിന്നീട് എടുക്കുമെന്നും പൊലീസ് അറിയിച്ചു.
ആരോഗ്യമന്ത്രിയുടെ ഓഫീസിലെ കോഴ തട്ടിപ്പിന് പിന്നിൽ അഖിൽ സജീവും കോഴിക്കോട് സ്വദേശിയായ അഭിഭാഷകൻ ലെനിനും ആണെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം ഒടുവിലെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ബാസിതിന്റ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തിയിരുന്നു. ഹരിദാസിനൊപ്പം തിരുവനന്തപുരത്ത് എത്തിയിട്ടില്ലെന്നായിരുന്നു ബാസിത് ആദ്യം മൊഴി നൽകിയിരുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ വീണ്ടും ഹരിദാസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
അഖിൽ മാത്യുവിനെതിരായ ആരോപണത്തിൽ ഇതുവരെ പൊലീസിന് തെളിവ് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ സംഭവത്തിൽ ആൾമാറാട്ടം നടന്നോയെന്നും പൊലീസ് അന്വേഷിക്കുകയാണ്. നിയമനത്തിന് കോഴ നൽകിയ കേസിൽ ഇടനിലക്കാരൻ അഖിൽ സജീവ് കോഴിക്കോട് കുന്ദമംഗലത്തും തട്ടിപ്പ് നടത്തിയതായുള്ള വിവരങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. തട്ടിപ്പിന് കൂട്ട് നിന്നത് നിയമന കോഴക്കേസിലെ കൂട്ടാളിയായ അഡ്വ. ലെനിൻ രാജാണെന്ന് പരാതിക്കാർ ആരോപിച്ചത്. പത്തിലേറെ പേർക്കാണ് ഒരു ലക്ഷം രൂപ വരെ നഷ്ടമായതെന്നാണ് വിവരം.
ഇൻസൈഡ് ഇന്റീരിയർ എന്ന, കുറഞ്ഞ ചെലവിൽ കിച്ചൺ ഇന്റീരിയർ ചെയ്ത് കൊടുക്കുന്ന സ്ഥാപനത്തിന്റെ പേരിലാണ് അഖിൽ സജീവും പങ്കാളികളും പണം പറ്റിയത്. വീടുപണി നടക്കുന്നയാളുകളിൽ നിന്ന് 10000 രൂപ മുതൽ ഒരു ലക്ഷം വരെ വാങ്ങി. ഇക്കഴിഞ്ഞ മാർച്ചിൽ പ്രമുഖ സിനിമാതാരമെത്തുമെന്ന് കാണിച്ചാണ് സ്ഥാപനത്തിന്റെ ഉദ്ഘാടനം പ്രഖ്യാപിച്ചത്. പറഞ്ഞ പണം കിട്ടാതെ നടി പിന്മാറി. പണം വാങ്ങിച്ചവർക്ക് പണി ചെയ്ത് കൊടുക്കാത്തതിന്റെ പേരിൽ തുടക്കം മുതലേ മുറുമുറുപ്പുണ്ടായതോടെ സ്ഥാപനത്തിന്റെ നടത്തിപ്പ് പാളി. 15 ദിവസത്തിനുള്ളിൽ സ്ഥാപനം പൂട്ടി. അന്ന് മുങ്ങിയ അഖിൽ സജീവിനും കൂട്ടാളികൾക്കുമെതിരെ പണം നൽകിയ പത്തിലേറെ പേരാണ് കുന്ദമംഗലം പൊലീസിൽ പരാതി നൽകിയത്.
സ്ഥാപനം തുടങ്ങാനായി വാടകക്കെടുത്ത കെട്ടിടത്തിന് അഡ്വാൻസും വാടകയും നൽകാതെ മുങ്ങിയതിൽ കെട്ടിടമുടമയും അഖിൽ സജീവിനെതിരെ പരാതി നൽകിയിരുന്നു. സ്ഥാപനത്തിന് പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടില്ലെന്നും പരാതിക്കാരുടെ കയ്യിൽ പണം നൽകിയതിന് തെളിവില്ലെന്നും കാണിച്ച് കുന്ദമംഗലം പൊലീസ് പരാതിയിൽ കേസെടുത്തിട്ടില്ല. ഒത്തുതീർപ്പിനായി അഡ്വ. ലെനിൻ രാജ് ഇടപെടുകയും ചിലർക്ക് പണം തിരിച്ചുനൽകുകയും ചെയ്തു. കൊടുത്ത പണത്തിന് തെളിവില്ലാത്തത് കൊണ്ട് പരാതി കൊടുക്കാനാവാതെ പലരും നാലു മാസത്തിന് ശേഷവും ഇപ്പോഴും ആനപ്പാറയിലെ ഇൻസൈഡ് ഇന്റീരിയർ ഓഫീസിലെത്തുന്നുണ്ടെന്നാണ് സമീപത്തുള്ളവർ പറയുന്നത്.
അതേസമയം നിയമനക്കോഴ ആരോപണക്കേസിൽ പൊലീസിന്റെ മൊഴിയെടുപ്പിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നില്‍ക്കുകയാണ് പരാതിക്കാരൻ ഹരിദാസ്. മൊഴിയെടുപ്പിൽ ഹരിദാസൻ തെളിവുകൾ കൈമാറിയെന്നും ഫോൺ രേഖകൾ കൈമാറിയെന്നും പൊലീസ് അറിയിച്ചു.
പരിചയമില്ലെന്ന വാദം നുണ: അഖിൽ സജീവുമായുള്ള ഫോൺ സംഭാഷണം ഹരിദാസ് പുറത്തുവിട്ടു
അഖിൽ സജീവിനെതിരെ കൂടുതൽ ആരോപണം; മുഖ്യമന്ത്രിയുടെ വകുപ്പിന്റെ പേരിലും പണം വാങ്ങി; തട്ടിയത് 5 ലക്ഷം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam