'തിരിച്ചറിവുണ്ടാകാൻ ഇനിയും വൈകരുത്, കുഞ്ഞുങ്ങളുടെ ജീവൻ നമ്മുടെ കൈയിലാണ് '; ഹെൽമറ്റ് ധരിപ്പിക്കണമെന്ന് പൊലീസ്

By Web TeamFirst Published Mar 23, 2024, 8:40 PM IST
Highlights

ഇരുചക്രവാഹന യാത്രക്കാര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണമെന്ന് കഴിഞ്ഞദിവസവും പൊലീസ് പറഞ്ഞിരുന്നു.

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ കുട്ടികളുണ്ടെങ്കില്‍ അവരെയും ഹെല്‍മറ്റ് ധരിപ്പിക്കേണ്ടതാണെന്ന് ആവര്‍ത്തിച്ച് കേരളാ പൊലീസ്. ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റ് ധരിക്കാത്ത കുട്ടിക്ക്, വാഹനമോടിക്കുന്ന ആളെക്കാള്‍ പലമടങ്ങ് അപകട സാധ്യതയാണുള്ളത്. പെട്ടെന്ന് ബ്രേക്ക് ചെയ്യുകയോ വാഹനം വെട്ടിച്ചു മാറ്റുകയോ ചെയ്യുന്ന സാഹചര്യത്തില്‍ കുട്ടികള്‍ തെറിച്ചുപോയ സംഭവങ്ങള്‍ നിരവധി ഉണ്ടായിട്ടുള്ളതാണെന്ന് പൊലീസ് പറഞ്ഞു. 

പൊലീസ് അറിയിപ്പ്: ''നമ്മുടെ കുഞ്ഞുങ്ങളുടെ ജീവന്‍ നമ്മുടെ കയ്യിലാണ് എന്ന തിരിച്ചറിവുണ്ടാകാന്‍ ഇനിയും വൈകിക്കൂടാ. പെട്ടെന്നു ബ്രേക്ക് ചെയ്യുകയോ വാഹനം വെട്ടിച്ചു മാറ്റുകയോ ചെയ്യേണ്ട സാഹചര്യത്തില്‍ കുട്ടികള്‍ തെറിച്ചുപോയ സംഭവങ്ങള്‍ പല തവണ ഉണ്ടായിട്ടുള്ളതുമാണ്. ഇരുചക്രവാഹനങ്ങളില്‍ രക്ഷകര്‍ത്താവിനോടൊപ്പം യാത്ര ചെയ്യുന്ന ഹെല്‍മറ്റ് ധരിക്കാത്ത കുട്ടിക്ക് വാഹന ഡ്രൈവറെക്കാള്‍ പലമടങ്ങ് അപകട സാധ്യതയാണുള്ളത്. അതിനാല്‍ ഇരുചക്രവാഹന യാത്രയില്‍ നാം ഹെല്‍മറ്റ് ധരിക്കുന്നതിനൊപ്പം കൂടെയുള്ള കുട്ടികളെയും ഹെല്‍മറ്റ് ധരിപ്പിക്കേണ്ടതാണ്. ഹെല്‍മറ്റിന്റെ സ്ട്രാപ്പ് ശരിയായ രീതിയില്‍ മുറുക്കാനും മറക്കരുത്.''

ഇരുചക്രവാഹന യാത്രക്കാര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണമെന്ന് കഴിഞ്ഞദിവസവും പൊലീസ് പറഞ്ഞിരുന്നു. ടീമിലെ തലകള്‍ മാറി മാറി വരും, പക്ഷെ നമ്മുടെ തല നമ്മള്‍ തന്നെ നോക്കണമെന്നാണ് പൊലീസ് പറഞ്ഞത്. കാര്‍ ഓടിക്കുമ്പോള്‍ സഹയാത്രികര്‍ ഉള്‍പ്പെടെ സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും കേരളാ പൊലീസ് ഫേസ്ബുക്കിലൂടെ ആവര്‍ത്തിച്ച് പറയുന്നുണ്ട്. കഴിഞ്ഞദിവസങ്ങളിലെ ബൈക്ക് അപകടങ്ങള്‍ അടക്കം ചൂണ്ടിക്കാണിച്ച് കൊണ്ടാണ് പൊലീസിന്റെ മുന്നറിയിപ്പുകള്‍. 

'പഠിച്ചത് തായ്ക്വോണ്ടോ..'; തോക്കുമായി വീട്ടിലെത്തിയ യുവാക്കളെ തുരത്തിയോടിച്ച് വീട്ടമ്മയും മകളും 


ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം. 
 

click me!