
തിരുവനന്തപുരം: ദത്തുവിവാദത്തില്‍ അനുപമയ്ക്ക് (Anupama s chandran) എതിരായ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് (saji cheriyan) എതിരെ കേസ് എടുക്കാനാകില്ലെന്ന് പൊലീസ്. അനുപമയുടെ പരാതിയില്‍ ശ്രീകാര്യം പൊലീസ് മറുപടി നല്‍കി. മന്ത്രിയുടെ പ്രസംഗത്തിന്‍റെ വീഡിയോ പരിശോധിച്ചു. കേസ് എടുക്കാനുള്ള തെളിവുകളില്ലെന്നും അതിനാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാകില്ലെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്.
സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി സാംസ്കാരിക വകുപ്പ് നടപ്പാക്കുന്ന ‘സമം’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം ക്യാംപസിൽ ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി അനുപമയുടെ പങ്കാളി അജിത്തിനെ പേര് പറയാതെ വിമര്‍ശിച്ചത്. കേരളത്തില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയമെന്ന് പറഞ്ഞാണ് അപകീര്‍ത്തികരമായ പരാമര്‍ശം സജി ചെറിയാന്‍ നടത്തിയത്.
മന്ത്രിയുടെ വാക്കുകള്‍
കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛൻ ജയിലിലേക്ക് പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങൾ എതിരല്ല. പക്ഷേ, ആ അച്ഛന്‍റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം.
എനിക്കും മൂന്നു പെൺകുട്ടികളായത് കൊണ്ടാണ് പറയുന്നത്. പഠിപ്പിച്ച് വളർത്തി സ്ഥാനത്തെത്തിച്ചപ്പോൾ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞുപോയത്? ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കൾ കണ്ടിട്ടുണ്ടാവുക. പക്ഷേ, എങ്ങോട്ടാണ് പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടുമൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടിൽ നടക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam