പ്രസംഗം നടന്നത് ശ്രീകാര്യം പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്നതിനാൽ അനുപമയുടെ പരാതി പേരൂർക്കട പൊലീസ് ശ്രീകാര്യം പൊലീസിന് കൈമാറി. 

തിരുവനന്തപുരം: സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ (saji cheriyan ) തനിക്കെതിരെ വിവാദ പരാമർശം നടത്തിയെന്ന അനുപമയുടെ (anupama ) പരാതിയിൽ പ്രാഥമിക പരിശോധന നടത്താൻ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറുടെ നിർദേശം. പ്രസംഗത്തിന്റെ ഉള്ളടക്കം പരിശോധിക്കാനാണ് നിർദ്ദേശം നൽകിയത്. പ്രസംഗം നടന്നത് ശ്രീകാര്യം പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്നതിനാൽ അനുപമയുടെ പരാതി പേരൂർക്കട പൊലീസ് ശ്രീകാര്യം പൊലീസിന് കൈമാറി. പ്രസംഗത്തിന്റെ ഉള്ളടക്കം പരിശോധിച്ച ശേഷമാകും പൊലീസിന്റെ തുടർനടപടി. 

ദത്ത് വിവാദം: 'തെറ്റൊന്നും പറഞ്ഞില്ല, സത്യസന്ധമായാണ് കാര്യങ്ങൾ പറഞ്ഞത്'; നിലപാടിലുറച്ച് മന്ത്രി സജി ചെറിയാൻ

ദത്ത് വിവാദത്തിൽ അനുപമയ്ക്ക് എതിരായ വിവാദ പരാമർശത്തിൽ പിന്നോട്ട് പോകാതെയാണ് മന്ത്രി സജി ചെറിയാൻ ഇന്നും പ്രതികരിച്ചത്. വിവാദപരാമർശത്തിൽ മന്ത്രിക്കെതിരെ അനുപമയും അജിത്തും പരാതി നൽകിയിട്ടും പരാമർശം വിവാദമായിട്ടും സജി ചെറിയാൻ തിരുത്താൻ തയ്യാറായിട്ടില്ല. തന്റെ അഭിപ്രായപ്രകടനം രക്ഷിതാവ് എന്ന നിലയിലാണെന്നും ആരുടെയും പേര് പരാമർശിച്ചിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. പ്രസംഗത്തിൽ ആരുടെയും പേര് എടുത്ത് പറഞ്ഞില്ലെന്നും നാട്ടിലെ സംഭവം പൊതുവായി പറഞ്ഞതാണെന്നുമാണ് മന്ത്രിയുടെ ന്യായീകരണം. 

അനുപമയ്ക്കൊപ്പമാണെന്ന് സിപിഎം പറയുമ്പോഴും അപകീർത്തിപരമായ പരാമർശം മന്ത്രി തന്നെ നടത്തിയതിൽ വ്യാപക വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇതാണ് സിപിഎമ്മിന്റെ യഥാർത്ഥ നിലപാടെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമർശനം. 

YouTube video player