തൃശ്ശൂര്‍: പാവറട്ടിയില്‍ എക്സൈസ് കസ്റ്റഡിയിലെടുത്ത മലപ്പുറം സ്വദേശി രഞ്ജിത്ത് മരണപ്പെട്ട സംഭവത്തില്‍ വഴിത്തിരിവ്. യുവാവിന്‍റെ ശരീരത്തില്‍ പന്ത്രണ്ടോളം ക്ഷതങ്ങള്‍ ഉണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. മര്‍ദ്ദനമേറ്റാണ് മരണമെന്നും ആന്തരിക രക്തസ്രവം മരണത്തില്‍ കലാശിച്ചെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് സൂചന. 

രഞ്ജിത്തിന്‍റെ തലയില്‍ കണ്ടെത്തിയ ക്ഷതം മരണകാരണമായേക്കാമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നാളെ പൊലീസിന് കൈമാറും. ഇതിനു ശേഷമായിരിക്കും തുടര്‍നടപടികള്‍ ഉണ്ടാവുക. കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ നിലപാട്. 

അതേസമയം തൃശ്ശൂരിലെ കസ്റ്റഡി മരണം സംബന്ധിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ കണ്ടിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി. കസ്റ്റഡിമരണത്തില്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണോ അല്ലയോ എന്നത് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കണ്ടതിന് ശേഷം മാത്രമേ പറയാന്‍ സാധിക്കൂ. സംഭവത്തില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാക്കുമോ എന്ന ചോദ്യത്തിന് റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി.