
കൊച്ചി: മാലിന്യം തള്ളുന്നത് തടയാൻ ശ്രമിച്ചതിന് കോർപറേഷൻ കൗൺസിലറുടെ ഭർത്താവിനെ വാഹനമിടിപ്പിച്ച സംഭവത്തിൽ കാർ പൊലീസ് പിടിച്ചെടുത്തു. കേസിലെ പ്രതി ആനന്ദ് ഒളിവിലാണ്. കൊച്ചി കോർപറേഷൻ യുഡിഎഫ് കൗൺസിലർ സുജ ലോനപ്പന്റെ ഭർത്താവിനാണ് ഗുരുതരമായി പരിക്കേറ്റത്. മാലിന്യം റോഡിൽ തള്ളുന്നത് തടഞ്ഞതിനെത്തുടർന്ന് ആയിരുന്നു ലോനപ്പനെ വാഹനമിടിച്ച് പരിക്കേൽപ്പിച്ചത്.
പരിക്കേറ്റ ലോനപ്പൻ സ്വകാര്യ ആശുപത്രിയി ചികിത്സയിലാണ്. ഇടിച്ച കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് കൊച്ചി സൗത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചതും കാറ് കണ്ടെത്തിയതും.
കഴിഞ്ഞ രാത്രി 9 മണിയോടെയാണ് കൊച്ചി കടവന്ത്രയിൽ മാലിന്യം തള്ളാനെത്തിയ കാർ, കോർപറേഷൻ കൗൺസിലർ സുജ ലോനപ്പന്റെ ഭർത്താവ് ലോനപ്പൻ ചിലവന്നൂർ തടഞ്ഞത്. വാക്കുതർക്കത്തിനൊടുവിൽ മാലിന്യം തിരികെയെടുപ്പിച്ച് കാറുടമയെ തിരിച്ചയയ്ക്കുകയും ചെയ്തു. എന്നാൽ, വാഹനം തിരികെയത്തി ലോനപ്പൻ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചു വീഴ്ത്തുകയായിരുന്നെന്നാണ് പരാതി. കോർപറേഷൻ വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം തരംതിരിക്കുന്ന സ്ഥലത്ത് ആളുകൾ മാലിന്യം നിക്ഷേപിക്കുന്നത് പതിവായ സാഹചര്യത്തിലാണ് സ്ഥലത്ത് ലോനപ്പന്റെ നേതൃത്വത്തിൽ കാവലിരുന്നത്.