
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. പരീക്ഷ ക്രമക്കേടിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് വീണ്ടും മൊഴിയെടുക്കുന്നത്. കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി കോളേജ് സംഘർഷത്തിനിടെ മൂന്നാം വർഷ ബിരുദ വിദ്യാർഥി അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ എസ്എഫ്ഐ യൂണിറ്റ് അംഗങ്ങൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പെൺകുട്ടി ഉന്നയിച്ചിരുന്നത്.
കോളേജിലെ എസ്എഫ്ഐ നേതൃത്വത്തിൽ നിന്ന് മോശം അനുഭവങ്ങളുണ്ടായതിന്‍റെ പേരിൽ മുൻ വിദ്യാര്‍ഥിനി നിഖിലയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. പെൺകുട്ടി മാനസിക പീഡനത്തിന് ഇരയായിരുന്നു എന്നാണ് ജനകീയ ജുഡിഷ്യൽ അന്വേഷണ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് പി കെ ഷംസുദ്ദീൻ്റെ കണ്ടെത്തല്‍. വിദ്യാർഥിനിയുടെ ആത്മഹത്യ ശ്രമത്തിന്റെ പശ്ചാത്തലത്തിൽ സേവ് എഡ്യൂക്കേഷൻ കമ്മീഷൻ പ്രഖ്യാപിച്ച ജനകീയ ജുഡിഷ്യൽ അന്വേഷണ കമ്മീഷൻ അധ്യക്ഷൻ ആണ് ജസ്റ്റിസ് പികെ ഷംസുദീൻ. കോളേജിൽ മറ്റൊരു വിദ്യാർഥി സംഘടനയെയും പ്രവർത്തിക്കാൻ എസ്എഫ്ഐ അനുവദിക്കില്ലെന്നും തികഞ്ഞ അരാജകത്വമാണ് യൂണിവേഴ്സിറ്റി കോളേജിൽ നടക്കുന്നതെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു. അടുത്ത മാസം സർക്കാരിനും യൂണിവേഴ്സിറ്റികളുടെ ചാൻസിലർ ആയ ഗവർണർക്കും കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കും.
സമരങ്ങളിൽ പങ്കെടുക്കാൻ തയ്യാറാകാത്തതിന്‍റെ പേരിൽ എസ്എഫ്ഐ പ്രവർത്തകരുടെ ഭാഗത്തുനിന്നുമുണ്ടായ സമ്മർദ്ദം മൂലമാണ് ആത്മഹത്യ ചെയ്യുന്നുതെന്ന് എഴുതിവച്ചായിരുന്നു നിഖില ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആത്മഹത്യയുടെ ഉത്തരവാദികൾ എസ്എഫ്ഐ യൂണിറ്റ് അംഗങ്ങളും പ്രിൻസിപ്പാളുമാണെന്ന് നിഖില ആത്മഹത്യാക്കുറിപ്പിൽ കുറ്റപ്പെടുത്തിയിരുന്നു. ഇന്‍റേണൽ പരീക്ഷയുടെ തലേ ദിവസം പോലും ജാഥയിൽ പങ്കെടുക്കാൻ എസ്എഫ്ഐക്കാർ നിർബന്ധിച്ചുവെന്നും എതിർപ്പ് അറിയിച്ചപ്പോൾ പരീക്ഷ എഴുതിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും നിഖില പറയുന്നു. ക്ലാസിൽ ഇരിക്കാൻ അനുവദിച്ചില്ലെന്നും ചീത്തവിളിക്കുകയും ശരീരത്തിൽ പിടിക്കാന്‍ ശ്രമിച്ചെന്നും നിഖില കത്തിൽ ആരോപിച്ചിരുന്നു. എസ്എഫ്ഐയുടെ ഭീഷണിയെ കുറിച്ച് പരാതിപ്പെട്ടിട്ടും പ്രിൻസിപ്പാൾ നടപടിയെടുത്തില്ലെന്നും നിഖില ആരോപിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam