
കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. എന്നാല്‍ സംഭവത്തില്‍ ഇരുട്ടില്‍ തപ്പുകയാണ് പൊലീസിപ്പോഴും. തട്ടിക്കൊണ്ടുപോയത് ഒരു യുവാവിനെയാണെന്നും, അല്ല ഒന്നിലധികം പേരെയാണെന്നുമെല്ലാം സൂചനയുണ്ട്. ഇതിലേറെ വലിയ തലവേദനയാകുന്നത് തട്ടിക്കൊണ്ടുപോയെന്ന് ഉറപ്പുള്ള യുവാവും ആരാണ് എന്നത് വ്യക്തമായിട്ടില്ലെന്നതാണ്.
ഇന്നലെ രാവിലെയാണ് ആലുവയില്‍ ഭക്ഷണം കഴിച്ചിറങ്ങുന്നതിനിടെ ഒരു യുവാവിനെ ബലമായി ആഡംബര കാറിലെത്തിയ മറ്റൊരാള്‍ കൊണ്ടുപോകുന്നത് ചിലര്‍ കണ്ടത്. എന്നാല്‍ ആരെയാണ് തട്ടിക്കൊണ്ടുപോയത് എന്ന് കണ്ടെത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. പ്രതികളെ കുറിച്ചും വ്യക്തമായ സൂചനകളൊന്നും ഇല്ല.
ഇപ്പോള്‍ തൃശൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തിരിക്കുന്ന രണ്ട് പേര്‍ വാഹനം വാടകയ്ക്ക് കൊടുക്കുന്ന ഇടനിലക്കാരാണ്. ഇവരെ ചോദ്യം ചെയ്ത് വരുന്നതേയുള്ളൂ.
കേസില്‍ മിസിംഗ് പരാതിയുമായോ മറ്റെന്തെങ്കിലും തരത്തില്‍ സംഭവത്തില്‍ പരാതിയുമായി ആരും എത്തിയില്ലെന്നതും പൊലീസിനെ കുഴക്കുന്നുണ്ട്. ഇതിനിടെ ഇന്നലെ തട്ടിക്കൊണ്ടുപോയത് മൂന്ന് പേരെയാണെന്ന അഭ്യൂഹവും ശക്തമാണ്.
ഭക്ഷണം കഴിച്ച് ഒന്നിച്ച് ഇറങ്ങിവന്നത് മൂന്ന് പേരായിരുന്നു. ഇവരില്‍ ഒരാളെ മാത്രമാണ് തട്ടിക്കൊണ്ടുപോയത്, ബാക്കി രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു, അല്ല മൂന്ന് പേരെയും കാറില്‍ കയറ്റി കൊണ്ടുപോയി എന്നെല്ലാം പ്രചരണമുണ്ട്. ഇക്കാര്യങ്ങളിലൊന്നും ഇനിയും വ്യക്തത വന്നിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam