
കോഴിക്കോട്: കോഴിക്കോട് മാവൂരിൽ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ഇതുവരേയും കണ്ടെത്താനായില്ല. ഒളിവിൽ പോയ മുന്നൂർ സ്വദേശി ഇർഫാനായി അന്വേഷണം തുടരുകയാണ്. സാമ്പത്തിക തർക്കത്തെ തുടർന്നാണ് അയൽവാസികളായ സഹോദരങ്ങളെ ഇർഫാൻ കാറിടിപ്പിച്ച് തെറിപ്പിച്ചത്. അപകടത്തിന് പിറകെയാണ് ഇർഫാൻ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടത്. ഒരു ദിവസം പിന്നിട്ടെങ്കിലും പ്രതി എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല.
മൊബൈൽ ഫോൺ സ്വിച്ച് ഓഫായ നിലയിലാണ്. ബന്ധുക്കളേയും സുഹൃത്തുക്കളേയും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം. കൂളിമാട് മുന്നൂരിൽ ഇന്നലെ രാവിലെ പത്ത് മണിക്കായിരുന്നു സംഭവം. അയൽവാസിയായ തൻസിഫുമായി ഇർഫാന് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ട്. ഇന്നലെ രാവിലെ വീട്ടിലെത്തിയ ഇർഫാൻ തൻസിഫിനെ മർദിച്ചിരുന്നു. സാരമായി പരിക്കേറ്റ തൻസിഫിനെ ഇർഫാൻ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.
സഹോദരനെ മർദിച്ചതറിഞ്ഞ തസ്നീമും തൻസിലും ബൈക്കിൽ ഇർഫാനെ തേടി ഇറങ്ങി. കയ്യിൽ വടിയും കരുതിയിരുന്നു. റോഡിൽ കാർ തടഞ്ഞ് ഇറങ്ങുന്നതിനിടെയാണ് കാറിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തൻസീലിന്റെ തലയോട്ടിയും നട്ടെല്ലും പൊട്ടി. തസ്നീമിന്റെ ഇടുപ്പെല്ല് മുറിഞ്ഞു. കാർ ഉപേക്ഷിച്ച് ഇർഫാൻ സംഭവ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. വധശ്രമത്തിന് കേസെടുത്ത മാവൂർ പൊലീസ് പ്രതിക്കായി അന്വേഷണം തുടരുകയാണ്. ഇർഫാനും തൻസിഫും തമ്മിലുള്ള സാമ്പത്തിക ഇടപാടിന്റെ കാരണവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam