
തൃശൂര്‍: യുവാവിനെ അന്യായമായി തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്ത കേസില്‍ കൊരട്ടി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം സ്വദേശിയായ വിനുകുമാര്‍ എന്ന ഉദ്യോഗസ്ഥനെയാണ് സർവീസിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. വെസ്റ്റ് കൊരട്ടി കണ്ടന്‍കാവില്‍ വീട്ടില്‍ ഉദയകുമാറിന്റെ മകന്‍ സിദ്ധാര്‍ഥ് (22) നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ഇക്കഴിഞ്ഞ 30നാണ് കേസിനാസ്പദമായ സംഭവം.
കൊരട്ടി ജംഗ്ഷനില്‍ നില്‍ക്കുകയായിരുന്ന സിദ്ധാര്‍ഥിനെ അസഭ്യം പറയുകയും കഴുത്തിലും കവിളിലും നെറ്റിയിലും മൂക്കിന് മുകളിലും മര്‍ദിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തതായി എഫ്.ഐആറില്‍ പറയുന്നു. തുടര്‍ന്ന് യുവാവിന്റെ മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍, ഹെഡ്‌സെറ്റ് എന്നിവ നിലത്തെറിഞ്ഞ് തകര്‍ത്തു. 75,000 രൂപയുടെ നാശനഷ്ടം വരുത്തിയതായും പരാതിയില്‍ പറയുന്നു.
പരുക്കേറ്റ സിദ്ധാര്‍ഥിനെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. സംഭവത്തില്‍ കൊരട്ടി പോലീസ് കേസെടുത്തിട്ടുണ്ട്. സസ്‌പെന്‍ഷനിലായ വിനുകുമാറിനെതിരേ സമാന സ്വഭാവത്തിലുള്ള മറ്റുപരാതികളും നിലവിലുണ്ടെന്നും പോലീസ് സേനയ്ക്കുള്ളില്‍ നിന്നുപോലും അദ്ദേഹത്തിനെതിരേ പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam