'സേനക്ക് നാണക്കേടും അവമതിപ്പും ഉണ്ടാക്കി'; ഇടുക്കിയിൽ കടയിൽ നിന്നും പണം മോഷ്ടിച്ച പൊലീസുകാരന് സസ്പെൻഷൻ

By Web TeamFirst Published Nov 30, 2022, 4:06 PM IST
Highlights

പൊലീസ് അസോസിയേഷൻ ജില്ല വൈസ് പ്രസിഡന്‍റ്  സാഗർ പി മധുവിനാണ് സസ്പെൻഷൻ. പാമ്പനാറിൽ കടയിൽ നിന്നും പണം മോഷ്ടിച്ചു എന്നാണ് ആരോപണം

ഇടുക്കി: കടയിൽ നിന്നും പണം മോഷ്ടിച്ചു എന്ന് ആരോപണം ഉയർന്ന പൊലീകാരന് സസ്പെൻഷൻ. പീരുമേട് സ്റ്റേഷനിലെ പൊലീസുകാരൻ സാഗർ പി മധുവിനാണ് സസ്പെൻഷൻ. പാമ്പനാറിൽ കടയിൽ നിന്നും പണം മോഷ്ടിച്ചു എന്നാണ് ആരോപണം. പൊലീസിന് നാണക്കേടും അവമതിപ്പും ഉണ്ടാക്കിയതിനാണ് നടപടി.കടയുടമ പരാതി നല്കാത്തതിനാൽ കേസ് എടുത്തിട്ടില്ല. പൊലീസ് അസോസിയേഷൻ ജില്ല വൈസ് പ്രസിഡന്റ് ആണ് സാഗർ.

24 –ാം തീയതി പാമ്പനാർ മാർക്കറ്റ് റോഡിലെ കടയിൽ നിന്നും സാഗർ പി മധു പണം മോഷ്ടിച്ചു എന്നാണ് ആരോപണമുയർന്നിരിക്കുന്നത്. ഡാൻസാഫിൽ അംഗമായിരുന്ന സാഗർ ഉൾപ്പെട്ട സംഘം മുമ്പ് പാമ്പനാറിലെ യേശുദാസ് എന്നയാളുടെ കടയിൽ നിന്നും പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ഇതിനു ശേഷം സാഗർ മിക്കപ്പോഴും ഈ കടയിൽ വരാറുണ്ടായിരുന്നു. സഹൃദം മുതലെടുത്ത് കടയിൽ എത്തിയാൽ കൗണ്ടറിൽ ഇരിക്കുകയും പതിവായിരുന്നു.  

സംഭവ ദിവസം കടയിലെത്തിയ സാഗർ നാരങ്ങവെള്ളം ആവശ്യപ്പെട്ടു.  ഉടമ നാരങ്ങാ വെള്ളം എടുക്കുന്നതിനിടെ കടയിലെ പണപ്പെട്ടി പോലീസുകാരൻ തുറന്നു. മുൻപ് പല തവണ പൊലീസുകാരൻ കടയിൽ എത്തിയപ്പോൾ പെട്ടിയിൽ നിന്നു പണം നഷ്ടപ്പെട്ടതിനാൽ കടയുടമ ചോദ്യം ചെയ്തു.  ബഹളം കേട്ടു സമീപത്തെ കച്ചവട സ്ഥാപനങ്ങളിൽ നിന്നുള്ളവരുമെത്തി. പോലീസുകാരനോട് 40000 രൂപ നഷ്ട പരിഹാരം നൽകണമെന്നാവശ്യപ്പെട്ടു.  പോലീസുകാരൻ ഇത് സമ്മതിക്കുകയും ചെയ്തു. കടയുടമ പരാതി നൽകാത്തതിനാൽ പോലീസ് കേസെടുത്തില്ല.

സംഭവ ദിവസം പണം നഷ്ടപ്പെടാത്തതിനാലാണ് പരാതി നൽകാത്തതെന്നാണ് കടയുടമ പോലീസിനോട് പറഞ്ഞത്. സാമൂഹ്യ മാധ്യമങ്ങളിലുൾപ്പെടെ വാർത്ത പ്രചരിച്ചതോടെ രഹസ്യാന്വേഷണ വിഭാഗവും പീരുമേട് ഡിവൈഎസ് പിയും  അന്വേഷണം നടത്തി. പോലീസിന് നാണക്കേടും അവമതിപ്പും ഉണ്ടാക്കിയതിനാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കൂടുതൽ അന്വേഷണം നടത്തി വിശദമായ റിപ്പോ‍ർട്ട് സമർപ്പിക്കാൻ പീരുമേട് ഡിവൈഎസ്പി ജെ കുര്യാക്കോസിനെ ഇടുക്കി ജില്ല പോലീസ് മേധാവി വി യു കുര്യാക്കോസ് ചുമതലപ്പെടുത്തി. ഇതിനിടെ സാഗർ പി മധു കുട്ടിക്കാനത്തെ ഒരു കടയിൽ നിന്നും പണം തട്ടിയെടുത്തതായും ആരോപണമുണ്ട്.

click me!