ആത്മഹത്യയെന്ന റിപ്പോ‍ർട്ട് സിബിഐ തട്ടിക്കൂട്ടിയത്, ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണം; വിമ‍ര്‍ശനവുമായി ഹൈക്കോടതി

By Web TeamFirst Published Nov 30, 2022, 3:09 PM IST
Highlights

കേസിൽ പാതിവെന്ത കുറ്റപത്രം കൊണ്ട് തടിതപ്പാനാണ് സിബിഐ ശ്രമിച്ചത്. കൃത്യവും ശാസ്ത്രീയവുമായ തെളിവുകളൊന്നും റിപ്പോർട്ടിലില്ലെന്നും കോടതി വിലയിരുത്തി. 

കൊച്ചി : മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന വി ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിൽ തുടരന്വേഷണ ഉത്തരവിട്ട ഹൈക്കോടതി, കേസിൽ അന്വേഷണം നടത്തിയ സിബിഐക്കെതിരെ ഉന്നയിച്ചത് രൂക്ഷ വിമ‍‍ശനം. ആത്മഹത്യയെന്ന സിബിഐ റിപ്പോ‍ർട്ട് തട്ടിക്കൂട്ടിയുണ്ടാക്കിയതാണെന്ന് കോടതി വിമര്‍ശിച്ചു. കേസിൽ പാതിവെന്ത കുറ്റപത്രം കൊണ്ട് തടിതപ്പാനാണ് സിബിഐ ശ്രമിച്ചത്. കൃത്യവും ശാസ്ത്രീയവുമായ തെളിവുകളൊന്നും റിപ്പോർട്ടിലില്ലെന്നും കോടതി വിലയിരുത്തി. 

കേസിൽ കണ്ടെത്തലുകളേക്കാൾ വിധിയെഴുതാനാണ് സിബിഐ ശ്രമിച്ചത്. സിബിഐയെപ്പോലൊരു ഏജൻസി ഇങ്ങനെ തരം താഴാൻ പാടില്ലായിരുന്നുവെന്ന് തുറന്നടിച്ച കോടതി, പ്രീമിയർ കുറ്റനാന്വേഷണ ഏജൻസിയുടെ വിശ്വാസ്യതയാണ് കളങ്കപ്പെട്ടതെന്നും മുമ്പ് കേസന്വേഷിച്ച ഉദ്യോഗസ്ഥനെതിരെ കൃത്യമായ അന്വേഷണം വേണമെന്നും നിര്‍ദ്ദേശിച്ചു. സിബിഐ ഡയറക്ട‍ര്‍ നേരിട്ട് കേസിൽ പുതിയ അന്വേഷണ സംഘത്തെ നിയമിക്കണം. അന്വേഷണ മേൽനോട്ടച്ചുമതല അനുഭവ സമ്പത്തുളള ഉന്നത ഉദ്യോഗസ്ഥരെ ഏൽപ്പിക്കണം. ശശീന്ദ്രന്റേത് ആത്മഹത്യയാണെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുമ്പോൾ ശശീന്ദ്രൻ എന്തിന് കുട്ടികളെ കൊന്നു എന്നതിനും കൃത്യമായ ഉത്തരം സിബിഐയ്ക്കില്ല. ഒരു കുട്ടിയെ കൊല്ലുന്നത് രണ്ടാമത്തെ കുട്ടി നോക്കി നിന്നുവെന്നത് വിശ്വസനീയമല്ല. ശബ്ദമൊന്നും വീട്ടിൽ നിന്നും കേട്ടില്ലെന്ന അയൽവാസികളുടെ വാദം വിശ്വസനീയമല്ലെന്നും കോടതി നിരീക്ഷിച്ചു. 

മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രനെയും മക്കളായ വിവേക് (10), വ്യാസ് (എട്ട്) എന്നിവരെയും 2011 ജനുവരി 24 ന് രാത്രിയാണ്  കഞ്ചിക്കോട് കുരുടിക്കാട്ടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി സിബിഐക്കു വിട്ടു. ശശീന്ദ്രന്റെയും മക്കളുടേയും  ആത്മഹത്യയെന്നായിരുന്നു സിബിഐയുടെ നേരത്തേയുളള കണ്ടെത്തൽ. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ശശീന്ദ്രന്റെ സഹോദരനാണ് കോടതിയെ സമീപിച്ചത്. തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതി, കൊലപാതക സാധ്യതയടക്കം സംശയാസ്പദമായ എല്ലാ സാഹചര്യവും വിശദമായി പരിശോധിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. നാലുമാസത്തിനുളളിൽ സിബിഐ അന്വേഷണം പൂ‍ർത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. 

മലബാർ സിമന്റ്സിലെ ശശീന്ദ്രന്റെയും മക്കളുടെയും മരണം: കൊലപാതക സാധ്യത അന്വേഷിക്കണം; തുടരന്വേഷണത്തിന് ഉത്തരവ്

 

click me!