
തിരുവനന്തപുരം: കേരളത്തിലെ മാനേജ്മെന്റ് കോളേജുകളിൽ രാഷ്ട്രീയ സ്വാതന്ത്ര്യം അനുവദിക്കണമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. അതിനായി സർക്കാർ പ്രത്യേക ബില്ല് കൊണ്ടുവരണം. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിൽ ഒരു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത പശ്ചാതലത്തിൽ കേരളത്തിലെ മാനേജ്മെന്റ് കോളേജുകളിൽ വിദ്യാർത്ഥികൾ നേരിടുന്ന മാനസിക സമ്മർദ്ദവും വിദ്യാർത്ഥി അവകാശ ലംഘനത്തെ പറ്റിയും സമഗ്രമായി പഠിക്കാൻ സർക്കാർ കമ്മീഷനെ വയ്ക്കണമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
കെപിസിസി ഓഫിസിൽ ഗ്രൂപ്പ് തിരിഞ്ഞടി, കെഎസ് യു ഭാരവാഹികൾ തമ്മിൽ തല്ലി
ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ വീട്ടിൽ കെ എസ് യു പ്രതിനിധി സംഘം ഇന്ന് സന്ദർശിച്ചിരുന്നു. വിഷയങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കുകയും ചെയ്തു. പ്രസ്തുത കോളേജിൽ ഉണ്ടായ സംഭവം അതീവ ഗൗരവമേറിയതാണ്. ഇതിൽ സമഗ്ര അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ സർക്കാർ തയ്യാറാവണമെന്നും അലോഷ്യസ് സേവ്യർ കൂട്ടിച്ചേർത്തു.
കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജിലെ രണ്ടാം വര്‍ഷ ഫുഡ് ടെക്ക്‌നോളജി വിദ്യാര്‍ഥിനി ശ്രദ്ധ(20)യുടെ മരണത്തില്‍ കോളേജിനെതിരെ ഗുരുതരമായ ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. അധ്യാപകരുടെ മാനസിക പീഡനമാണ് ശ്രദ്ധ തൂങ്ങിമരിക്കാൻ കാരണമെന്ന് കുടുംബം ആരോപിച്ചു. പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ കോളേജ് അധികൃതര്‍ മനപൂര്‍വമായ വീഴ്ച്ച വരുത്തിയെന്നും കുടുംബം കുറ്റപ്പെടുത്തി. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയാണ് ശ്രദ്ധ.
കോളേജിലെ ലാബില്‍ ഉപയോഗിച്ച മൊബൈല്‍ ഫോൺ അധ്യാപകര്‍ പിടിച്ചെടുത്തതിനു പിന്നാലെ വെള്ളിയാഴ്ച രാത്രിയാണ് ശ്രദ്ധയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ഒമ്പതോടെ കോളജ് ഹോസ്റ്റലിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ശ്രദ്ധയെ ഉടനെ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.