
തൃശ്ശൂർ: തൃശൂർ പൂരത്തിനുള്ള പ്രവേശന പാസ് കൊവിഡ് ജാഗ്രത പോർട്ടലിൽ നിന്നും തിങ്കളാഴ്ച (ഏപ്രിൽ 19 ) 10 മണി മുതൽ ഡൗൺലോഡ് ചെയ്യാം. തൃശൂർ ജില്ലയുടെ ഫെസ്റ്റിവൽ എൻട്രി രജിസ്ട്രേഷൻ ലിങ്കിൽ മൊബൈൽ നമ്പർ പേര് തുടങ്ങിയ വിവരങ്ങൾ നൽകണം. തുടർന്ന് രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് ഒടിപി ലഭിക്കും. പാസ് ലഭിക്കുന്നതിന് കൊവിഡ് നിർണയത്തിനുള്ള ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്സിനേഷൻ എടുത്തതിൻ്റെ സർട്ടിഫിക്കറ്റോ (ഏതെങ്കിലും ഒന്ന്) അപ്‌ലോഡ് ചെയ്യണം. തുടർന്ന് മൊബൈലിൽ ലഭിക്കുന്ന ലിങ്കിൽ നിന്ന് എൻട്രി പാസ് ഡൗൺലോഡ് ചെയ്യാം.
പൂരം കാണാൻ എത്തുന്നവർ കൊവിഡ് വാക്സീൻ രണ്ട് ഡോസുകളും എടുത്തിരിക്കണമെന്നത് നിർബന്ധമാക്കി ഇന്നലെ സർക്കാർ ഉത്തരവിറക്കിയിരുന്നു. വാക്സീൻ ഒറ്റ ഡോസ് മതിയെന്ന നിർദേശം പിൻവലിച്ചാണ് പ്രത്യേക ഉത്തരവിറക്കിയത്. രണ്ടു ഡോസ് വാക്സീൻ എടുക്കാത്തവർക്ക് ആർ.ടി.പി.സി.ആർ പരിശോധന വേണമെന്നും പ്രിൻസിപ്പൽ സെക്രട്ടറി പൂരത്തിനായി പുറത്തിറക്കിയ പ്രത്യേക ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവിൽ ദേവസ്വങ്ങൾക്ക് കടുത്ത അതൃപ്തിയുണ്ട്.
കടുത്ത നിബന്ധനയെങ്കിൽ പൂരം നടത്തിപ്പ് അവതാളത്തിലാകുമെന്നാണ് മുന്നറിയിപ്പ്. ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കാൻ ദേവസ്വം പ്രതിനിധികൾ ഇന്ന് യോഗം ചേരും. ഒറ്റ ഡോസ് വാക്സീൻ മതിയെന്ന നിർദേശം പിൻവലിച്ചതോടെ പാസിനായി ദേവസ്വങ്ങൾക്ക് വീണ്ടും നടപടികൾ സ്വീകരിക്കേണ്ടി വരും. ആളുകളുടെ എണ്ണം പരമാവധി നിയന്ത്രിക്കാനാണ് പ്രിൻസിപ്പൽ സെക്രട്ടറി തൃശൂർ പൂരത്തിനായി പ്രത്യേക ഉത്തരവ് പുറത്തിക്കിയത്.
കാര്യങ്ങൾ വിശദീകരിക്കാനായി ചീഫ് സെക്രട്ടറി ദേവസ്വങ്ങളുമായി വീണ്ടും ഓൺലൈൻ ചർച്ച നടത്തും. ജില്ലാ കളക്ടർ, സിറ്റി പൊലീസ് കമ്മീഷണർ, ഡി എം ഒ എന്നിവർ ഈ ചർച്ചയിൽ പങ്കെടുക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam