പുതുവർഷത്തിൽ 'പോപ്പുലർ' അവതരിപ്പിച്ചത് 20-20 ഗോള്‍ഡന്‍ സ്കീം; പണവുമായി കടക്കാൻ തോമസ് ഡാനിയല്‍ പദ്ധതിയിട്ടു

By Web TeamFirst Published Oct 9, 2020, 7:37 AM IST
Highlights

പോപ്പുലറിന്‍റെ ഏറ്റവും മികച്ച നിക്ഷേപകര്‍ക്കായി ആവിഷ്കരിക്കുന്ന പദ്ധതിയാണ് 20-20 എന്നായിരുന്നു പ്രഖ്യാപനം. പദ്ധതിയുടെ ഭാഗമാകുന്ന നിക്ഷേപകര്‍ക്കും നിക്ഷേപകരെ പദ്ധതിയിലേക്കാര്‍ഷിക്കുന്ന ജീവനക്കാര്‍ക്കും മികച്ച വാഗ്ദാനങ്ങളും തോമസ് ഡാനിയല്‍ ഉറപ്പ് നല്‍കി.  കമ്പനി മുങ്ങുന്നുവെന്ന് ഉറപ്പായ ഘട്ടത്തില്‍ 20-20 സ്കീം വഴി സമാഹരിക്കുന്ന പണം കൊണ്ട് രാജ്യം വിടാനായിരുന്നു തോമസ് ഡാനിയലിന്‍റെ പദ്ധതിയെന്ന് അന്വേഷണ സംഘം കണ്ടെത്തി.

കോഴിക്കോട്: സ്ഥാപനം പൊളിയുമെന്ന് ഉറപ്പായ ഘട്ടത്തില്‍ പോപ്പുലര്‍ ഫിനാൻസ് അവതരിപ്പിച്ച നിക്ഷേപ പദ്ധതിയാണ് ട്വന്‍റി ട്വന്‍റി ഗോള്‍ഡന്‍ സ്കീം. ഇന്‍സെന്‍റീവ് അടക്കം നിക്ഷേപകര്‍ക്ക് വന്‍ വാഗ്ദാനങ്ങളോടെയാണ് തോമസ് ഡാനിയല്‍ ഈ പദ്ധതി അവതരിപ്പിച്ചത്. ഈ പദ്ധതിയില്‍ നിന്ന് സമാഹരിക്കുന്ന തുകകൊണ്ട് രാജ്യം വിടാനായിരുന്നു തോമസ് ഡാനിയലിന്‍റെ പദ്ധതിയെന്ന് അന്വേഷണ സംഘം പറയുന്നു.

ഇക്കഴിഞ്ഞ ജനുവരി 17നാണ് പോപ്പുലര്‍ ഗ്രൂപ്പ് എംഡി തോമസ് ഡാനിയല്‍ പുതിയ നിക്ഷേപ പദ്ധതിയായ 20-20 ഗോള്‍ഡന്‍ സ്കീമിനെക്കുറിച്ച് ജീവനക്കാര്‍ക്ക് സര്‍ക്കുലർ അയച്ചത്.  നമ്മുടെ സുവര്‍ണ വര്‍ഷം തുടങ്ങിക്കഴിഞ്ഞു എന്നാണ് സർക്കുലറിന്റെ തുടക്കം. പോപ്പുലറിന്‍റെ ഏറ്റവും മികച്ച നിക്ഷേപകര്‍ക്കായി ആവിഷ്കരിക്കുന്ന പദ്ധതിയാണ് 20-20 എന്നായിരുന്നു പ്രഖ്യാപനം. പദ്ധതിയുടെ ഭാഗമാകുന്ന നിക്ഷേപകര്‍ക്കും നിക്ഷേപകരെ പദ്ധതിയിലേക്കാര്‍ഷിക്കുന്ന ജീവനക്കാര്‍ക്കും മികച്ച വാഗ്ദാനങ്ങളും തോമസ് ഡാനിയല്‍ ഉറപ്പ് നല്‍കി. 30 ലക്ഷം രൂപയ്ക്ക്  മേല്‍ നിക്ഷേപിക്കുന്നവരെയാണ് പദ്ധതിയുടെ ഭാഗമാക്കിയത്. പണം നിക്ഷേപിച്ചാല്‍.2 ശതമാനം തുക ഇന്‍സന്‍റിവായി നിക്ഷേപകന് ഉടനടി കിട്ടും. നിക്ഷേപത്തിന്‍മേല്‍ 12 ശതമാനം പ്രതിമാസ പലിശയും. പദ്ധതിയിലേക്ക് ആളെ ചേര്‍ക്കുന്ന ജീവനക്കാര്‍ക്ക് 1 ശതമാനം കമ്മീഷനും വാ​ഗ്ദാനം ചെയ്തു.

2019 ഒക്ടോബര്‍ മുതല്‍ പോപ്പുലര്‍ ഗ്രൂപ്പില്‍ പ്രതിസന്ധി ഉടലെടുത്തിരുന്നു. തോമസ് ഡാനിയലിന്‍റെ മകളും സ്ഥാപനത്തിന്‍റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായിരുന്ന റീനു മറിയം തോമസ് തൃശൂര്‍ ആസ്ഥാനമായി തുടങ്ങിയ മേരി റാണി നിധി ലിമിറ്റഡ് എന്ന സ്വര്‍ണ പണയ പദ്ധതിയിലേക്ക് കൂടുതല്‍ പണം ചെലവിടാന്‍ തുടങ്ങിയതു മുതലാണ് പ്രതിസന്ധിയുടെ ആക്കം കൂടിയത്. പ്രതിസന്ധി താല്‍ക്കാലികം മാത്രമെന്നായിരുന്നു ജീവനക്കാരെ ധരിപ്പിച്ചത്. പലിശ മുടങ്ങി നിക്ഷേപകര്‍ പ്രതിഷേധമുയര്‍ത്തിയ കാര്യം അറിയച്ചപ്പോള്‍ ഏറെ വൈകാരികമായാണ് റീനു അടക്കമുളളവര്‍ പ്രതികരിച്ചതെന്ന് ജീവനക്കാര്‍ പറയുന്നു.

ഇത്തരത്തില്‍ സ്ഥാപനങ്ങളുടെ ചുമതല മക്കള്‍ ഏറ്റെടുക്കുകയും കാര്യങ്ങള്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്ത ഘട്ടത്തിലാണ് അവസാന ശ്രമമെന്ന നിലയില്‍ തോമസ് ഡാനിയല്‍ 20-20 ഗോള്‍ഡന്‍ സ്കീം അവതരിപ്പിച്ചത്. പദ്ധതിയുടെ വിശ്വാസ്യത ഉറപ്പാക്കാനായി
തോമസ് ഡാനിയല്‍ നിക്ഷേപകര്‍ക്ക് സ്വന്തം പേരില്‍ ബ്ളാങ്ക് ചെക്കുകള്‍ നല്‍കി. പരിചയക്കാരായ നിക്ഷേപകര്‍ക്ക് ഇന്‍സന്‍റീവ് തന്‍റെ ഡ്രൈവറുടെ കൈവശം കൊടുത്തുവിടുകയും ചെയ്തു.  കമ്പനി മുങ്ങുന്നുവെന്ന് ഉറപ്പായ ഘട്ടത്തില്‍ 20-20 സ്കീം വഴി സമാഹരിക്കുന്ന പണം കൊണ്ട് രാജ്യം വിടാനായിരുന്നു തോമസ് ഡാനിയലിന്‍റെ പദ്ധതിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. എന്നാല്‍ ഓഗസ്റ്റ് 28ന് ദില്ലയില്‍ വച്ച് റീനവും റേബയും പിടിയിലായതോടെ തോമസ് ഡാനിയലിന്‍റെ നീക്കം പൊളിഞ്ഞു. തുടര്‍ന്നാണ് പിറ്റേന്ന് ചങ്ങനാശേരിയില്‍ അന്വേഷണ സംഘത്തിനു മുന്നില്‍ തോമസ് ഡാനിയേൽ നാടകീയമായി കീഴടങ്ങിയത്.

click me!