
തൃശ്ശൂര്‍: പ്രതിപക്ഷ ഉപനേതാവ് പദവിയിലെ സിപിഎം-സിപിഐ തർക്കം മുന്നണി കെട്ടുറപ്പിനെ ബാധിക്കുന്നുണ്ടെന്ന് തുറന്നടിച്ച് കേരളാ കോൺഗ്രസ്. തൊലിപ്പുറത്തെ ചികിത്സ കൊണ്ട് പ്രശ്നം പരിഹരിക്കാനാകില്ലെന്ന് ജോസ് കെ മാണി പ്രതികരിച്ചു. പ്രശ്ന പരിഹാര ചർച്ചയാകാമെന്ന് പറയുന്ന ബിനോയ് വിശ്വം, ത്യാഗം ചെയ്യുന്നത് കൊണ്ടാണ് ഇടതുമുന്നണിയിൽ സിപിഐ തുടരുന്നതെന്നും ഓർമ്മിപ്പിച്ചു.
ഉപനേതൃപദവി വിവാദത്തിൽ സമവായ നിർദ്ദേശങ്ങൾ ഒരുവശത്തുണ്ടെങ്കിലും പ്രശ്നപരിഹാരത്തിലേക്ക് ചർച്ചകളെത്തിയിട്ടില്ല. ദേശീയ നേതൃത്വം ഇടപെട്ടുണ്ടാക്കിയ ശുപാർശയിൽ തുടർ നിലപാടും അതിൽ വ്യക്തതയും വരുത്തേണ്ടത് സിപിഎം-സിപിഐ സംസ്ഥാന നേതൃത്വങ്ങളാണ്. തുറന്ന ചർച്ചകൾക്ക് സിപിഐ സന്നദ്ധമെന്നാണ് ബിനോയ് വിശ്വം അറിയിക്കുന്നത്.
അതേസമയം, ഘടകക്ഷി മുറുമുറുപ്പ് തുടരുകയാണ്. മുന്നണി പ്രവർത്തനത്തേയും പ്രതിപക്ഷ ഇടപെടലിനേയും ബാധിക്കുന്ന പ്രശ്നത്തിൽ കേരള കോൺഗ്രസിന് പരസ്യ വിയോജിപ്പാണ്. അതൃപ്തി ജോസ് കെ മാണി ആവർത്തിക്കുന്നു. പ്രശ്നം ഇനി വഷളാക്കാനില്ലെന്ന നിലപാട് സിപിഎമ്മിനും സിപിഐക്കുമുണ്ട്. സംസ്ഥാനത്ത് ഉരുത്തിരിയേണ്ട ഉഭയക്ഷി ധാരണക്ക് പക്ഷെ ഇതുവരെ കളം ഒരുങ്ങിയിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam