
പാലക്കാട്: പാലക്കാട് ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പനെതിരായ പോസ്റ്ററിൽ കേസെടുത്ത് പൊലീസ്. പാലക്കാട് ടൗൺ സൗത്ത് പൊലീസാണ് കേസെടുത്തത്. ഡിസിസി ഓഫീസിന് മുന്നിൽ കഴിഞ്ഞ ദിവസമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. തങ്കപ്പൻ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പോസ്റ്റർ പതിക്കാനെത്തിയവരുടെ വാഹനം, സിസിടിവി ദൃശ്യം എന്നിവയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിവരുന്നതായി പൊലീസ് അറിയിച്ചു.
കോൺഗ്രസ് പാർട്ടിയെയും ജില്ലാ പ്രസിഡൻ്റിനെയും സമൂഹമധ്യത്തിൽ വ്യക്തിഹത്യ നടത്തുക എന്ന ലക്ഷ്യത്തോടെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പോസ്റ്റർ പതിച്ച സാമൂഹ്യവിരുദ്ധർക്കെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പോസ്റ്ററിലുള്ളത്. എതിർ രാഷ്ട്രീയ ചേരിയിലുള്ളവരാണ് പോസ്റ്ററുകൾക്ക് പിന്നിൽ. രാഷ്ട്രീയ ഗുഢാലോചനയും സംശയിക്കുന്നു. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് കോൺഗ്രസിനേയും പാർട്ടി പ്രസിഡൻ്റിനേയും അപകീർത്തിപ്പെടുത്താനുള്ള നീക്കം നടത്തുന്നവരെ കണ്ടെത്തണമെന്നും നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
പാലക്കാട് ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പനെതിരെ ഡിസിസി ഓഫീസ് പരിസരത്താണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാത്ത തങ്കപ്പന് സീറ്റ് നൽകരുതെന്നാണ് പോസ്റ്ററിലുള്ളത്. കഴിഞ്ഞ ദിവസം പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും എ തങ്കപ്പനെ മത്സരിപ്പിക്കണമെന്ന ആവശ്യം കോൺഗ്രസിലെ ഭൂരിഭാഗം നേതാക്കളും ഉയർത്തിയിരുന്നു. ഇക്കാര്യം കേരളത്തിൻ്റെ ചുമതലയുള്ള ദീപദാസ് മുൻഷിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ തുടർച്ചയെന്നോണമാണ് തങ്കപ്പനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഡിസിസി പ്രസിഡൻ്റിനെ അധിക്ഷേപിക്കുന്ന വാക്കുകളാണ് പോസ്റ്ററുകളിലുള്ളത്. സാധാരണ വെള്ളപ്പേപ്പറിൽ പേന കൊണ്ടാണ് ഇവ എഴുതിയിരിക്കുന്നത്. പാലക്കാട് മണ്ഡലത്തിൽ പരിഗണിക്കുന്നുണ്ടെന്ന വാർത്തകൾക്ക് പിന്നാലെ തങ്കപ്പനെതിരെ വലിയ രീതിയിൽ വിമർശനവും സൈബർ ആക്രമണവും നടന്നുവരികയാണ്. കോൺഗ്രസിലെ ഒരു വിഭാഗമാണ് ഇതിന് പിന്നിലെന്നാണ് സൂചന. പാലക്കാട് വീണ്ടും മത്സരിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കരുക്കൾ നീക്കുന്നതിനിടെയാണ് തങ്കപ്പൻ മത്സരിക്കണമെന്ന നിലപാടിൽ ജില്ലാ കോൺഗ്രസ് മുന്നോട്ട് വന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam