
തിരുവനന്തപുരം: കന്നുകാലി വളർത്തലിൽ ഇന്‍റര്‍നെറ്റ് സേവനങ്ങൾക്ക് അനന്ത സാധ്യതയുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. സ്റ്റാർട്ട് അപ്പ് മിഷൻ സംഘടിപ്പിച്ച ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ ഉള്‍പ്പെടെ വിവാദ വിഷയങ്ങളിൽ മൗനം തുടരുമ്പോഴാണ് സ്റ്റാർട്ട് മിഷന്‍റെ പരിപാടിയിൽ പങ്കെടുക്കാൻ ശിവശങ്കർ എത്തിയത്.
കന്നുകാലി വളർത്തലിലെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഇന്‍റർനെറ്റ് സാധ്യതകളെ കുറിച്ചുള്ള പാനൽ ചർച്ചയിലാണ് എം ശിവശങ്കർ പങ്കെടുത്തത്. കന്നുകാലി വളർത്തൽ പ്രോത്സാഹിപ്പിക്കാനായി സാങ്കേതിക വിദ്യകളുടെ സഹായം തേടണമെന്ന് എം ശിവശങ്കർ പറഞ്ഞു. കന്നുകാലി തീറ്റ അടക്കമുള്ള കാർഷിക ആവശ്യങ്ങൾക്കായി സ്വിഗ്ഗി, സൊമാറ്റോ മാതൃകയിലും മൃഗങ്ങളുടെ വിൽപ്പനയ്ക്ക് ഒഎൽഎക്സ് മാതൃകയിലും ആപ്പുകൾ ഒരുക്കാം.
ഫാമുകൾക്ക് അക്രിഡിഷൻ, പാലുത്പന്നങ്ങൾക്ക് ഓൺലൈൻ വിപണി തുടങ്ങിയ നിർദ്ദേശങ്ങളും ശിവശങ്കർ മുന്നോട്ട് വച്ചു. ഇത്തരം സാങ്കേതിക വിദ്യകളുമായി സ്റ്റാർട്ട് അപ്പുകൾ മുന്നോട്ട് വന്നാൽ സർക്കാർ അവസരം ഒരുക്കുമെന്നും ശിവശങ്കർ പറഞ്ഞു. കന്നുകാലി വളർത്തലിലും സംരക്ഷണത്തിലും സറ്റാർട്ട് അപ്പ് ഐഡിയകൾ ക്ഷണിച്ചുകൊണ്ടുള്ള ഇന്നോവേഷൻ ചലഞ്ചിനും സമ്മിറ്റിൽ തുടക്കമായി. വിവിധ വിഷയങ്ങളിൽ ഇന്‍റർനെറ്റ് സാധ്യതകൾ ചർച്ചയായ ഐഒടി സമ്മിറ്റ് ടെക്നോപാർക്കിലാണ് പരിപാടി സംഘടിപ്പിച്ചത്. ഐടി സെക്രട്ടറിയായിരിക്കെ സ്റ്റാർട്ട് അപ്പ് മിഷൻ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് ശിവശങ്കറായിരുന്നു.
സ്വർണ്ണക്കടത്ത് കേസിലെ പുതിയ വിവാദങ്ങള്‍ ഉയര്‍ന്നതിന് ശേഷം ഇതാദ്യമായാണ് ശിവശങ്കർ ഒരു പൊതുചടങ്ങിൽ പങ്കെടുത്തത്. അതേസമയം, സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കർ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ട്.
സ്പേസ് പാർക്കിൽ സ്വപ്ന സുരേഷിനെ നിയമിച്ചതിൽ അഖിലേന്ത്യാ സർവ്വീസ് ചട്ടങ്ങളുടെ ലംഘനമുണ്ടായെന്ന് കണ്ടെത്തിയാണ് 2020 ജൂലൈ 17 ന് ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്. ഈ ഉത്തരവ് നിയമ വിരുദ്ധമാണെന്നാണ് ഹർജിയിൽ പറയുന്നത്. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയാണ് സർക്കാർ തനിക്കെതിരെ നടപടിയെടുത്തത്. എന്നാൽ തന്‍റെ ഭാഗം കേൾക്കാൻ അച്ചടക്ക സമിതി തയ്യാറായില്ലെന്നും ഹർജിയിൽ പറയുന്നു.
'സസ്‍പെന്‍ഷന്‍ കാലാവധി സര്‍വീസായി കണക്കാക്കണം', ഉത്തരവ് റദ്ദാക്കണം, ശിവശങ്കര്‍ സിഎടിയില്‍