'കെ സുരേന്ദ്രൻ മാറണം, പ്രവ‍ർത്തകർ നിരാശയിൽ', കേന്ദ്ര തീരുമാനം ഉടൻ വേണമെന്ന് പിപി മുകുന്ദൻ

By Web TeamFirst Published Sep 25, 2021, 2:35 PM IST
Highlights

ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനത്ത് ഉയർത്തിക്കാട്ടിയത് ബുദ്ധിശൂന്യതയായി പോയെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, കേന്ദ്ര നേതൃത്വത്തെ ഇക്കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും  ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

കണ്ണൂർ: ബിജെപി(bjp) സംസ്ഥാന അധ്യക്ഷൻ സ്ഥാനത്ത് നിന്നും കെ സുരേന്ദ്രൻ (k surendran) മാറണമെന്ന് മുതിർന്ന നേതാവ് പിപി മുകുന്ദൻ (pp mukundan). കുഴല്‍പ്പണം, കോഴ കേസ് അടക്കം ഉയർന്ന സാഹചര്യത്തിൽ ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്ന് സുരേന്ദ്രൻ മാറണമെന്നും ഇക്കാര്യത്തിൽ കേന്ദ്ര തീരുമാനം ഉടനുണ്ടാകണമെന്നും പിപി മുകുന്ദൻ ആവശ്യപ്പെട്ടു. ഒരു പ്രസ്താവന നൽകാൻ പോലും കരുത്തില്ലാതെ ദുർബ്ബലമായി ബിജെപി മാറിയെന്ന് മുകുന്ദൻ കുറ്റപ്പെടുത്തി. 

നിരാശരും നിഷ്ക്രിയരും നിസ്സംഗരുമായി പ്രവ‍ർത്തകർ മാറിയ സാഹചര്യമാണ് ഇപ്പോഴുള്ളത്. ആർ എസ്എസിൽ നിന്ന് പുതിയൊരാളെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരരുത്. പഴയ, കഴിവ് തെളിയിച്ച ഒരാളെ നേതൃത്വത്തിലേക്ക് കൊണ്ടുവരണം. ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനത്ത് ഉയർത്തിക്കാട്ടിയത് ബുദ്ധിശൂന്യതയായി പോയെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, കേന്ദ്ര നേതൃത്വത്തെ ഇക്കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് സംസ്ഥാന ബിജെപി. മണ്ഡലം കമ്മിറ്റി മുതല്‍ സംസ്ഥാന അധ്യക്ഷനെ വരെ മാറ്റുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ബിജെപിയില്‍ സജീവമാണ്. നിയമസഭാ തെരെഞ്ഞെടുപ്പിലെ കനത്ത തോല്‍വിയും കൊടകരകുഴപ്പണ കേസ്, സികെ ജാനുവുമായി ബന്ധപ്പെട്ട് കോഴ ആരോപണം അടക്കം ഉയർന്നത് സുരേന്ദ്രന് തിരിച്ചടിയായിട്ടുണ്ട്. 

മാറ്റാനും മാറ്റാതിരിക്കാനും സാധ്യതയുണ്ടെന്ന രീതിയിലായിരുന്നു ഇക്കാര്യത്തിൽ സുരേന്ദ്രന്‍റെ പ്രതികരണം. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍റെ കാലാവധി മൂന്ന് വര്‍ഷമാണ്. കെ സുരേന്ദ്രനെ സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ച് രണ്ട് വര്‍ഷം ആകുന്നതേയുള്ളൂ. പക്ഷേ സുരേന്ദ്രനോട് നേരത്തെയുണ്ടായ താല്‍പര്യം കേന്ദ്ര നേതൃത്വത്തിന് ഇപ്പോഴില്ലെന്നാണ് വിലയിരുത്തൽ. നിലവിലുണ്ടായ ഒരു സീറ്റ് നഷ്ടപ്പെടുത്തിയുള്ള നിയമസഭാ തെരെഞ്ഞെടുപ്പിലെ കനത്ത തോല്‍വിയാണ് താല്‍പര്യമില്ലായ്മയ്ക്ക് പ്രധാനകാരണം.

അതേ സമയം ഇപ്പോള്‍ സുരേന്ദ്രനെ മാറ്റുകയാണെങ്കില്‍ അത് കേസില്‍ പങ്കുണ്ടായത് കൊണ്ടാണെന്ന വ്യഖ്യാനം ഉയര്‍ന്ന് വരുമോ എന്ന ചിന്തയും ബിജെപിക്കുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചുള്ള ബിജെപി അഞ്ചംഗ സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. 

സുരേന്ദ്രന‍െ മാറ്റിയാല്‍ ആര് എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. സുരേഷ് ഗോപിയുടെയും വല്‍സന്‍ തില്ലങ്കേരിയുടെയും പേരുകള്‍ സജീവമായ പരിഗണനയിലുണ്ട്. എന്നാല്‍ താന്‍ ആ സ്ഥാനത്തേക്കില്ലെന്ന നിലപാട് സുരേഷ് ഗോപി നേരത്തെ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. സിനിമയുടെ തിരക്കുള്‍പ്പടെയുള്ള കാര്യങ്ങളാണ് സുരേഷ് ഗോപി ഉയര്‍ത്തുന്നത്. അതേ സമയം ക്രൈസ്തവ വിഭാഗത്തെ ഒപ്പം കൂട്ടാനുള്ള ശ്രമം നടക്കുന്നതിനിടെ വല്‍സന്‍ തില്ലങ്കേരി വന്നാല്‍ തീവ്ര ഹിന്ദു മുഖത്തിലേക്ക് പാര്‍ട്ടി മാറുമോ എന്ന പ്രശ്നവും ബിജെപി കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ വെല്ലുവിളിയാണ്. 

click me!