
കൊച്ചി: കെപിസിസി രാഷ്ട്രീയകാര്യസമിതിയിൽ നിന്നുള്ള മുതിർന്ന നേതാവ് വിഎം സുധീരൻ്റെ രാജി വേദനിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏത് സാഹചര്യത്തിലാണ് അദ്ദേഹം രാജിവച്ചതെന്ന് അറിയില്ലെന്നും സുധീരനെ നേരിൽ കണ്ട് ചർച്ച നടത്തുമെന്നും വി.ഡി.സതീശൻ പറഞ്ഞു.
അതേസമയം സുധീരന്റെ രാജി എങ്ങിനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. രാജി തീരുമാനം ദൗർഭാഗ്യകരമാണ്. പാർട്ടിയെ ശക്തിപ്പെടുത്താൻ ഹൈക്കമാൻഡ് നടത്തുന്ന നീക്കങ്ങൾക്ക് സുധീരന്റെ രാജി പോറലേൽപ്പിക്കും. രാജിക്ക് പിന്നിലെ വികാരമെന്താണെന്ന് വ്യക്തമാക്കേണ്ടത് സുധീരനാണെന്നും രാഷ്ട്രീയകാര്യ സമിതിയുടെ പ്രസക്തി നഷ്ടപ്പെട്ടതാണെന്നും ഉണ്ണിത്താൻ തുറന്നടിച്ചു.
സതീശൻ്റെ വാക്കുകൾ -
വി.എം.സുധീരൻ രാജി വച്ചത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അനാരോഗ്യം കാരണമാണ് രാജിയെന്നാണ് കെപിസിസി പ്രസിഡൻ്റ് പറഞ്ഞത്. എന്തായാലും വിഎം സുധീരനെ നേരിൽ കണ്ട് സംസാരിക്കും. വി.എം.സുധീരൻ്റെ രാജി നിരാശജനകമാണ്. ഏത് സാഹചര്യത്തിലാണ് അദ്ദേഹം രാജിവച്ചതെന്ന് അറിയില്ല. രാജി പ്രഖ്യാപനം വേദനിപ്പിക്കുന്നതാണ്. എന്തെങ്കിലും സമ്മർദ്ദം മൂലമാണ് രാജിയെന്ന് കരുതുന്നില്ല.
നാർകോട്ടിക് ജിഹാദ് വിവാദവുമായി ബന്ധപ്പെട്ടുള്ള മധ്യസ്ഥ ശ്രമങ്ങൾക്ക് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പിന്തുണ നൽകിയിട്ടുണ്ട്. മതസൗഹാർദം ഉറപ്പാക്കും വരെ ചർച്ചകൾ തുടരും. സമൂഹമാധ്യമങ്ങളിൽ സ്പർധ സൃഷ്ടിക്കുന്നവരെ നിലയ്ക്ക് നിർത്താനാവണം. അതിനായി സർക്കാർ ഇടപെടണം. വിഷയം പരിഹരിക്കാൻ ഇടപെടാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും സതീശൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam