
കൊല്ലം: തലവൂർ ആയുര്‍വേദ ആശുപത്രിയുടെ സീലിങ് തകര്‍ന്ന് വീണ സംഭവം നിര്‍മ്മാണത്തിലെ പിഴവെന്ന് പ്രാഥമിക കണ്ടെത്തൽ. നിര്‍മ്മിതി കേന്ദ്രം ഡയറക്ടർ ഡോ. ഫെബി വര്‍ഗീസ്, ചീഫ് ടെക്നിക്കൽ ഓഫീസർ ആർ ജയൻ എന്നിവരുടെ പരിശോധനയിലാണ് കരാറുകാരന് വീഴ്ച്ചയുണ്ടായതായി കണ്ടെത്തിയത്. തകര്‍ന്ന സീലിങ് എത്രയും വേഗം നിര്‍മ്മിക്കാൻ കരാറുകാരന് ഉദ്യോഗസ്ഥർ നിര്‍ദേശം നൽകി. അതേസമയം സംഭവം ഗണേഷ് കുമാറിനെതിരെ രാഷ്ട്രീയ ആയുധമാക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും. എംഎൽഎ കമ്മീഷൻ കൈപ്പറ്റിയെന്നും വലിയ അഴിമതിയാണ് ആശുപത്രിയുടെ നിര്‍മ്മാണത്തിൽ ഉണ്ടായതെന്നുമാണ് ഇവർ ആരോപിക്കുന്നത്. കരാറുകാരനെ ബലിയാടാക്കി ഗണേഷ്‍ കുമാര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും എംഎൽഎക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
കൊല്ലം പത്തനാപുരത്ത് എംഎൽഎ ഫണ്ടുപയോഗിച്ച് നിർമിച്ച കെട്ടിടത്തിന്റെ സീലിംഗ് തകർന്നുവീണ സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി കെ.ബി.ഗണേഷ് കുമാർ. തലവൂർ ആയൂർവേദാശുപത്രി സന്ദർശിച്ച് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യമന്ത്രി രണ്ട് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്റെ സീലിംഗ് ആണ് തകർന്നുവീണത്. കെ.ബി.ഗണേഷ് കുമാർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 3 കോടി രൂപ ചെലവിട്ടാണ് ആശുപത്രിക്കായി പുതിയ കെട്ടിടം നിർമ്മിച്ചത്.
കെട്ടിടത്തിന് ചോർച്ച ഉണ്ടെന്ന വിവരം നേരത്തെ ലഭിച്ചിരുന്നുവെന്ന് എംഎൽഎ പറഞ്ഞു. കെട്ടിടം പണിതത്തിന്റെ ബിൽ പൂർണമായും മാറി നൽകിയിട്ടില്ല. ആവശ്യമെങ്കിൽ കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തുമെന്നും എംഎൽഎ പറഞ്ഞു. ഒരു അഴിമതിയും അനുവദിക്കില്ലെന്നും എക്സിക്യൂട്ടീവ് എഞ്ചനീയർ സ്ഥലത്ത് പരിശോധന നടത്തുമെന്നും ഗണേഷ് കുമാർ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് യുവമോർച്ചാ പ്രവർത്തകർ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. മാർച്ച ആശുപത്രിക്ക് സമീപം പൊലീസ് തടഞ്ഞു. പ്രവർത്തരും പൊലീസും അൽസമയം ഉന്തും തള്ളും ഉണ്ടായി.
ഇന്നലെ രാത്രി 10 മണിയോടെയാണ് സീലിംഗ് തകർന്നത്. ആളപായമില്ല. കെട്ടിടം വൃത്തിയായി സൂക്ഷിക്കാത്തതിന് എംഎൽഎ നേരത്തെ ഡോക്ടർമാരെയും ജീവനക്കാരെയും ശകാരിച്ചിരുന്നു. . ആശുപത്രി പരിസരം വൃത്തി ഹീനമായി കിടക്കുന്നുവെന്ന പരാതിയെ തുടർന്നാണ് എംഎൽഎ എത്തിയത്. ഫാർമസിയും ഓഫിസും അടക്കമുള്ള സ്ഥലങ്ങൾ വൃത്തിഹീനമായി കിടക്കുന്നത് കണ്ട എംഎല്‍എ ചൂലെടുത്ത് തറ തൂത്തുവാരി.വാങ്ങുന്ന ശമ്പളത്തിനോട് അല്‍പമെങ്കിലും കൂറ് കാണിക്കണ്ടേയെന്നും താൻ ഇപ്പോൾ തറ തൂക്കുന്നത് ഇവിടെയുള്ള ഡോക്ടർമാർക്കും ജോലിക്കാർക്കും ലജ്ജ തോന്നാൻ വേണ്ടിയാണെന്നും എംഎല്‍എ പറഞ്ഞു, ഇതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.