
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി സരിത എസ് നായർ കോടതിയിൽ. തന്നെ കുറിച്ചും സ്വപ്നയുടെ മൊഴിയിൽ പരാമര്‍ശങ്ങളുണ്ടെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്നും അക്കാര്യങ്ങളിലെ വിശദമായ വിവരങ്ങളറിയാൻ അവകാശമുണ്ടെന്നും സരിത എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു.
സ്വപ്നയുടെ രഹസ്യമൊഴി വേണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചും കോടതിയെ സമീപിച്ചിരുന്നു. എന്നാൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഈ ഹര്‍ജി തള്ളുകയായിരുന്നു. ക്രൈംബ്രാഞ്ച് ആവശ്യം ചോദ്യം ചെയ്ത് സ്വപ്നയുടെ അഭിഭാഷകൻ അഡ്വ കൃഷ്ണരാജ് കോടതിയിൽ വാദിച്ചു. രഹസ്യമൊഴിയുടെ പകർപ്പ് ക്രൈംബ്രാഞ്ചിന് നൽകരുതെന്നും ക്രൈംബ്രാഞ്ചിന് എന്തിനാണ് ഈ രഹസ്യമൊഴിയെന്നും അദ്ദേഹം ചോദിച്ചു.
തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്വപ്ന സുരേഷിനെതിരെ ചുമത്തിയ ഗൂഢാലോചന കേസിലെ അന്വേഷണത്തിന് സ്വപ്നയുടെ രഹസ്യമൊഴി അത്യാവശ്യമാണെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. ഗൂഢാലോചന സംബന്ധിച്ച തെളിവുകൾ പുറത്തു കൊണ്ടുവരാൻ രഹസ്യമൊഴി പരിശോധിക്കണം. ഗൂഢാലോചനയിൽ പങ്കെടുത്ത ഷാജ് കിരണും സ്വപ്നയ്ക്ക് എതിരെ പരാതി നൽകിയിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. സ്വപ്നയുടെ സത്യവാങ്മൂലം പുറത്ത് പോയതിൽ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. എന്നാൽ ഹര്‍ജി ഒടുവിൽ കോടതി തള്ളി.
സ്വപ്ന സുരേഷിന്‍റെ സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണം
മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരെ ഗുരുത ആരോപണമാണ് സ്വപ്ന സുരേഷിന്‍റെ സത്യവാങ്മൂലത്തിലുള്ളത്. മകൾ വീണയ്ക്ക് ഷാർജയിൽ ഐടി വ്യവസായം തുടങ്ങാൻ മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയോട് സഹായം തേടിയെന്നാണ് വെളിപ്പെടുത്തിൽ. ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ നടന്ന ചർച്ചയിൽ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമൊപ്പം എംശിവശങ്കറും നളിനി നെറ്റൊയും ഉണ്ടായിരുന്നു. ക്ളിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പിൽ ലോഹവസ്തുക്കൾ കൊണ്ടുപോയത് സംബന്ധിച്ച് ശിവശങ്കറുമായി നടത്തിയ വാട്സ് ആപ് ചാറ്റുകൾ കോടതിയിലുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്.
ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ച് എന്തൊക്കെ ഇടപാടുകൾ താൻ നടത്തിയെന്ന് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താമെന്ന് സ്വപ്ന സുരേഷ് വെല്ലുവിളിച്ചതിന് പിറകെയാണ് കോടതിയിൽ നൽകി സത്യവാങ്മൂലത്തിലെ വിവരങ്ങൾ പുറത്ത് വരുന്നത്. 2017 ൽ ഷാർജ ഭരണാധികാരി കേരളത്തിലെത്തിയപ്പോൾ ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ച നടന്നു. ഷാർജിയിൽ മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് ഐടി വ്യവസായം തുടങ്ങാൻ ഷാർജ ഭരണാധികാരിയോട് മുഖ്യമന്ത്രി സഹായം തേടി. മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും പുറമെ എംശിവശങ്കറും, നളിനി നെറ്റോയും മാത്രമാണ് മുറിയിൽ ഉണ്ടായിരുന്നത്. പിന്നീട് ഷാർജ ഐടി മന്ത്രിയുമായും മുഖ്യമന്ത്രി ഇക്കാര്യം സംസാരിച്ചു. ഭരണാധികാരിയെ സന്തോഷിപ്പിക്കാൻ സ്വർണ്ണ ആഭരണങ്ങൾ സമ്മാനമായി നൽകാൻ മുഖ്യമന്ത്രിയുടെ ഭാര്യ ശ്രമിച്ചെങ്കിലും ഭരണാധികാരികൾ സമ്മാനം കൈപ്പറ്റാറില്ലെന്ന് അറയിച്ച് താൻ തടഞ്ഞെന്നും സത്യവാങ്മൂലത്തിലുണ്ട്. ഇത്തരം നടപടികളിൽ അതൃപ്തി കാരണം ഐടി സംരഭം തുടങ്ങാനുള്ള നീക്കം പരാജയപ്പെട്ടു. സ്വർണ്ണക്കടത്തിൽ രഹസ്യമൊഴി നൽകാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷയൊടൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് സ്വപ്നയുടെ ഗുരുതര വെളിപ്പെടുത്തലിന്‍റെ വിശദാംശങ്ങളുള്ളത്.
'പൊലീസ് സംരക്ഷണം വേണ്ട, ഇഡിയുടെ കാവൽ മതി'; സ്വപ്‍ന സുരേഷ്
കോൺസുലർ ജനറൽ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ട ബിരിയാണിച്ചെമ്പിനെക്കുറിചച്ചുള്ള വിവരങ്ങളും സത്യവാങ്മൂലത്തിലുണ്ട്. നാല് പേർ ഉയർത്തേണ്ട വലിയ പാത്രമാണ് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടത്. ഈ ബിരിയാണി ചെമ്പ് ക്ളിഫ് ഹൗസിൽ സുരക്ഷിതമായി എത്തി എന്ന് ഉറപ്പാക്കുന്നത് വരെ കോൺസുൽ ജനറൽ അസ്വസ്തനായിരുന്നു. ബിരിയാണി ചെമ്പിനെക്കുറിച്ച് എം ശിവസങ്കർ നടത്തിയ വാട്സാ് ആപ് ചാറ്റുകൾ തന്‍റെ ഫോണിൽ ഉണ്ടെന്നും ഇത് കോടതിയുടെ കസ്റ്റഡിയിലാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കസ്റ്റംസിന് നൽകിയ രഹസ്യമൊഴിയിലുണ്ടായിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും സ്വപ്ന ആരോപിക്കുന്നു. ഈ സത്യവാങ്മൂലത്തിന്‍റെ അടിസ്ഥാനത്തിലുള്ള 164 മൊഴി നിലവിൽ കോടതിയുടെ പരിഗണനയിലാണ്.