
കോട്ടയം: കോട്ടയത്തെ കോൺഗ്രസ് വേദിയിലെത്തി സംസാരിച്ച് ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേം കുമാർ. ഫാസിസം ഏറ്റവും ഭയപ്പെടുന്നത് എഴുത്തുകാരന്റെ മൂർച്ഛയുള്ള വാക്കുകളെയാണെന്നും കലാകാരന്റെ ഏറ്റവും ശക്തമായ ആവിഷ്കാരമാണ് കലയെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് അത്തരം ആവിഷ്കാരങ്ങൾ ഉണ്ടാകുമ്പോൾ അവയെ ഉന്മൂലനം ചെയ്യാൻ അവർ തയ്യാറാകുന്നതെന്നും പ്രേംകുമാർ. കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്നു. എതിർ ശബ്ദങ്ങളെ നിശബ്ദമാക്കുന്നു. അത്തരം ഫാസിസം ഉണ്ടാകരുത്. ഇന്നത്തെ ഒരു നാടക കലാകാരന് താൻ മനസ്സിൽ ഉദ്ദേശിക്കുന്ന ആശയം അവതരിപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കലാകാരന് അതിരുകൾ ഇല്ലാത്ത ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടാകണം. നിർഭയമായി അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഏറ്റവും പ്രധാനമാണ്. ജനാധിപത്യം അപകടകരമായ അവസ്ഥയിലാണെന്നും പ്രേംകുമാർ വേദിയിൽ പറഞ്ഞു. പൊളിറ്റിക്കൽ മജോറിറ്റി മാറി കമ്മ്യൂണൽ മജോറിറ്റിയാകും എന്ന് അംബേദ്കർ നേരത്തെ പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു ഭൂരിപക്ഷം രൂപപെട്ടാൽ അത് പെട്ടന്ന് ഒന്നും മാറ്റാൻ കഴിയില്ല. ഇത് അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിളിച്ച കേരളം നവോത്ഥാനത്തിലേക്ക് എത്തിയതിൽ കലാകാരന്മാരുടെ, സാംസ്‌കാരിക നായകരുടെ വലിയ പങ്കുണ്ട്. അതിനെ പിന്നോട്ട് വലിക്കാൻ ചിലർ ശ്രമിക്കുന്നു. കലാ പ്രവർത്തനം നല്ല മനുഷ്യരെ സൃഷ്ടിക്കൽ ആണ്. രാഷ്ട്രീയവും അങ്ങനെ തന്നെയാണെന്നും പ്രേംകുമാർ പ്രതികരിച്ചു.
അതേ സമയം കെപിസിസിയുടെ വേദിയിൽ മുഖ്യാതിഥി ആയിട്ടായിരുന്നു പ്രേംകുമാർ എത്തിയത്. കെ സി വേണുഗോപാലായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. മറ്റ് തിരക്കുകൾ കാരണം കെ സി വേണുഗോപാൽ എത്തിയില്ല. ഇതിന് പിന്നാലെയാണ് പ്രേംകുമാർ മുഖ്യാതിഥിയായി എത്തിയത്. എന്നാൽ സാംസ്‌കാരിക പരിപാടിയായത് കൊണ്ടാണ് താൻ പങ്കെടുത്തതെന്ന് പ്രേംകുമാർ പറഞ്ഞു. രാഷ്ട്രീയ വേദിയിൽ അല്ല ഇരുന്നത്. കോൺഗ്രസിൽ ചേരുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല. പല ഭാഗത്ത് നിന്നും ക്ഷണിക്കുന്നുണ്ട്. ആരോടും പ്രത്യേക പ്രതിബദ്ധത ഇല്ലെന്നും കോൺഗ്രസ് ദേശീയ തലത്തിൽ ഏറ്റവും വലിയ ദേശീയ പ്രസ്ഥാനം ആണെന്നും അത് ജീർണിച്ചു പോകരുതെന്നും പ്രേംകുമാർ പറഞ്ഞു. കോൺഗ്രസ് മതേതര ശക്തികൾക്കെതിരായ രാഷ്ട്രീയ ബദൽ ആണ്. വർഗീയതയ്ക്ക് എതിരെ ഇടത് പക്ഷവും വലത് പക്ഷവും ഒരുമിച്ച് നിന്ന് പോരാടേണ്ട ശക്തികൾ ആണ്. ദേശീയ തലത്തിൽ അതിന് സാധ്യതയുള്ള രാഷ്ട്രീയ ബദൽ കോൺഗ്രസ് ആണെന്നും പ്രേംകുമാറിന്റെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam