സ്വകാര്യ വാഹനങ്ങൾ ടാക്സിയാക്കി ഉപയോഗിച്ചാൽ പിടിവീഴും; നടപടിക്ക് നിർദേശിച്ചതായി മന്ത്രി

By Web TeamFirst Published Jun 10, 2021, 8:57 PM IST
Highlights

കള്ള ടാക്സികൾ കുടുങ്ങും. ,നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി മന്ത്രി. സ്വകാര്യ വാഹനങ്ങൾ നികുതി വെട്ടിച്ച് ടാക്സിയായി ഓടുന്നത് തടയാൻ നിർദ്ദേശം നൽകിയതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു

തിരുവനന്തപുരം: കള്ള ടാക്സികൾ കുടുങ്ങും. ,നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി മന്ത്രി. സ്വകാര്യ വാഹനങ്ങൾ നികുതി വെട്ടിച്ച് ടാക്സിയായി ഓടുന്നത് തടയാൻ നിർദ്ദേശം നൽകിയതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. ചില പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, ബാങ്കുകൾ എന്നിവ വ്യാപകമായി കരാർ അടിസ്ഥാനത്തിൽ സ്വകാര്യ വാഹനങ്ങളെ ടാക്സിയാക്കി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നിയമവിരുദ്ധമായി നടത്തുന്ന ഇത്തരം കാര്യങ്ങൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.

 കള്ള ടാക്സികൾ മൂലം നികുതി ഇനത്തിൽ കനത്ത നഷ്ടമാണ് സർക്കാരിന് ഉണ്ടാകുന്നത്. ഇതേ തുടർന്നാണ് നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചത്. സർക്കാരിനോ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കോ ചിലവ് ചുരുക്കലിൻ്റെ ഭാഗമായി വാഹനങ്ങൾ വാടകയ്ക്ക് എടുക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇതിൻ്റെ മറവിൽ സ്വകാര്യ വാഹനങ്ങൾ ഇത്തരം സർവീസുകൾ നടത്തുന്നുണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, ബാങ്കുകൾ തുടങ്ങിയവയിലാണ് ഇങ്ങനെ വൻ തോതിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത്. വാഹന ഉടമകൾ ആണ് യാഥാർത്ഥ്യം മറച്ചു വെച്ച് കൂടുതലായും ഇത്തരം പ്രവർത്തികൾ ചെയ്യുന്നത്. കള്ള ടാക്സികളിൽ യാത്ര ചെയ്യുന്നവർക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല എന്ന കാര്യം പലർക്കും അറിയില്ല.

സ്വകാര്യ വാഹനം ടാക്സിയായി ഓടുന്നത് മോട്ടോർ വാഹന നിയമത്തിൻ്റെ (സെക്ഷൻ 66) ലംഘനമാണ്. ഇത്തരം വാഹനങ്ങളുടെ വിവരം ശേഖരിക്കാനും, വാഹന പരിശോധനകൾ കർശനമാക്കാനും മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകിയതായി മന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!