'നാഷണൽ സർവീസ് സ്കീമിനു വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രം'; പ്രിയ വര്‍ഗ്ഗീസ്

By Web TeamFirst Published Nov 16, 2022, 7:50 PM IST
Highlights

എൻഎസ്എസ് കോർഡിനേറ്റർ ആയി കുഴിവെട്ടാൻ പോയതിനെ അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്ന് സിംഗിൾ ബെഞ്ചിന്‍റെ പരാമര്‍ശത്തിനാണ് പ്രിയ അതേ നാണയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

കണ്ണൂര്‍: കണ്ണൂർ സർവകലാശാലയിലെ അസിസ്റ്റന്‍റ പ്രൊഫസര്‍ നിയമനത്തില്‍ തനിക്കെതിരായ ഹൈക്കോടതി പരാമര്‍ശനത്തിന് മറുപടിയുമായി പ്രിയ വര്‍ഗ്ഗീസ്. നാഷണൽ സർവീസ് സ്കീമിനു വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രമാണെന്ന് പ്രിയ വര്‍ഗ്ഗീസ് ഫേസ്ബുക്കില്‍ കുറിച്ചു. എൻഎസ്എസ് കോർഡിനേറ്റർ ആയി കുഴിവെട്ടാൻ പോയതിനെ അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്ന് സിംഗിൾ ബെഞ്ചിന്‍റെ പരാമര്‍ശത്തിനാണ് പ്രിയ അതേ നാണയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

യുജിസി ചട്ടപ്രകാരം മാത്രമേ പ്രിയ വർഗീസിന്‍റെ  നിയമനവുമായി മുന്നോട്ട് പോകാൻ കഴിയുകയുള്ളുവെന്ന് കണ്ണൂർ സർവ്വകലാശാലയോട് ഹൈക്കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു. പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രൊഫസർ ആയി നിയമിക്കാനുള്ള കണ്ണൂർ സർവ്വകലാശാല നീക്കം ചോദ്യം ചെയ്ത് പ്രൊഫസർ ജോസഫ് സ്കറിയ നൽകിയ ഹർജിയിലാണ്  നിയമന നടപടിയെ  ഹൈക്കോടതി രൂക്ഷമായി വിമർശിച്ചത്.

എൻഎസ്എസ് കോർഡിനേറ്റർ ആകുന്നതും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടില്‍ അസി. ഡയറക്ടർ ആകുന്നതും അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. നാഷണൽ സർവ്വീസ് സ്കീമിൽ എവിടെയാണ് അധ്യാപന ജോലിയുള്ളതെന്നും കോടതി ചോദിച്ചു. നിയമന നടപടികൾ യുജിസി ചട്ടപ്രകാരം മാത്രമേ പാടുള്ളുവെന്ന് സുപ്രീംകോടതി ആവർത്തിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസർ നിയമനം നൽകാൻ മതിയായ യോഗ്യതയില്ലെന്ന് യുജിസിയും ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു.

Read More : 'എന്‍എസ്എസിന് പോയി കുഴിവെട്ടിയത് അധ്യാപന പരിചയമാകില്ല', പ്രിയ വര്‍ഗീസിന് ഹൈക്കോടതിയുടെ വിമര്‍ശനം

click me!