Asianet News MalayalamAsianet News Malayalam

'എന്‍എസ്എസിന് പോയി കുഴിവെട്ടിയത് അധ്യാപന പരിചയമാകില്ല', പ്രിയ വര്‍ഗീസിന് ഹൈക്കോടതിയുടെ വിമര്‍ശനം

അധ്യാപന പരിചയം എന്നാല്‍ അത് അധ്യാപനം തന്നെയാകണം. അധ്യാപനം എന്നത് ഗൌരവമുള്ള ഒരു ജോലിയാണെന്നും കോടതി പറഞ്ഞു. 
 

priya varghese was criticized by high court
Author
First Published Nov 16, 2022, 4:06 PM IST

കൊച്ചി: യുജിസി ചട്ടപ്രകാരം മാത്രമേ പ്രിയ വർഗീസിന്‍റെ  നിയമനവുമായി മുന്നോട്ട് പോകാൻ കഴിയുകയുള്ളുവെന്ന് കണ്ണൂർ സർവ്വകലാശാലയോട് ഹൈക്കോടതി. എൻഎസ്എസ് കോർഡിനേറ്റർ ആയി കുഴിവെട്ടാൻ പോയതിനെ അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി. പ്രിയ വർഗീസിന്  മതിയായ യോഗ്യതയില്ലെന്ന് യുജിസിയും ആവർത്തിച്ചു. പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രൊഫസർ ആയി നിയമിക്കാനുള്ള കണ്ണൂർ സർവ്വകലാശാല നീക്കം ചോദ്യം ചെയ്ത് പ്രൊഫസർ ജോസഫ് സ്കറിയ നൽകിയ ഹർജിയിലാണ്  നിയമന നടപടിയെ  ഹൈക്കോടതി രൂക്ഷമായി വിമർശിച്ചത്. 

എൻഎസ്എസ് കോർഡിനേറ്റർ ആകുന്നതും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടില്‍ അസി. ഡയറക്ടർ ആകുന്നതും അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. നാഷണൽ സർവ്വീസ് സ്കീമിൽ എവിടെയാണ് അധ്യാപന ജോലിയുള്ളതെന്നും കോടതി ചോദിച്ചു. നിയമന നടപടികൾ യുജിസി ചട്ടപ്രകാരം മാത്രമേ പാടുള്ളുവെന്ന് സുപ്രീംകോടതി ആവർത്തിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസർ നിയമനം നൽകാൻ മതിയായ യോഗ്യതയില്ലെന്ന് യുജിസിയും ആവർത്തിച്ചു. 10 വർഷം കുറഞ്ഞത് അസി. പ്രൊഫസർ ആയി ജോലി ചെയ്താൽ മാത്രമാണ് ചട്ടപ്രകാരം നിയമനം നൽകാൻ കഴിയുക.  ഡെപ്യൂട്ടേഷൻ കാലയളവിനെ അധ്യാപന പരിചയമായി കണക്കാക്കാനാകില്ല. പിഎച്ച്‍ഡിക്ക് ആദ്യ വർഷം 147 ൽ 10 ഹാജർ മാത്രമാണ് പ്രിയയ്ക്കുള്ളത്. എന്നിട്ടും ഹാജർ തൃപ്തികരമാണെന്ന് സർട്ടിഫിക്കറ്റ് നൽകിയ നടപടി തെറ്റാണെന്നും യുജിസി വ്യക്തമാക്കി. 

പ്രിയ വർഗീസിന് മതിയായ അധ്യാപന പരിചയമുണ്ടെന്നായിരുന്നു സർവ്വകലാശാല കോടതിയെ അറിയിച്ചത്. നിയമനം നടത്തിയിട്ടില്ലാത്തതിനാൽ ഇപ്പോൾ ഹർജി നിലനിൽക്കില്ലെന്നും നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അസോസിയേറ്റ് പ്രൊഫസർ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി നാളെ ഉച്ചയ്ക്ക് 1.45 ന് വിധി പറയും.

Follow Us:
Download App:
  • android
  • ios