
തിരുവനന്തപുരം: നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് പ്രസ്താവന നടത്തിയ ശശി തരൂരിന്‍റെ നടപടിയിൽ വിശദീകരണം ചോദിക്കാൻ കെപിസിസി തീരുമാനം. തരൂരിന്‍റെ നടപടി തെറ്റാണെന്നും പ്രസ്താവന തിരുത്താൻ ശശി തരൂര്‍ തയ്യാറാകണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിന്‍റെ ആവശ്യമില്ലെന്ന നിലപാടിലാണ് തരൂര്‍. ഇതിനെതിരെ കോൺഗ്രസ് നേതാക്കൾക്കിടയിൽ കടുത്ത അതൃപ്തിയും പ്രതിഷേധവുമുണ്ട്. ഇതിനിടെയാണ് ശശി തരൂരിനോട് വിശദീകരണം ചോദിക്കാൻ കെപിസിസി തീരുമാനം.
മോദിയെ ദുഷ്ടനെന്ന് ചിത്രീകരിക്കുന്നത് നല്ലതല്ല. മോദി ചെയ്ത നല്ല കാര്യങ്ങളെ പ്രശംസിക്കണം. അല്ലെങ്കില്‍ വിമര്‍ശനത്തിന് വിശ്വാസ്യതയുണ്ടാകില്ലെന്നുമുള്ള തരൂരിന്‍റെ പ്രസ്താവനയാണ് കോണ്‍ഗ്രസില്‍ വിവാദമായത്. കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ രംഗത്തെത്തിയതോടെ തന്നോളം മോദിയെ വിമര്‍ശിച്ച മറ്റാരും ഉണ്ടാകില്ലെന്നും പ്രസ്താവന തിരുത്തേണ്ട ഒരു കാര്യവും ഇല്ലെന്ന് തരൂരും നിലപാട് വ്യക്തമാക്കി. തരൂരിനെതിരെ നടപടി ആവശ്യം ശക്തമായതോടെയാണ് വിശദീകരണം ചോദിക്കാൻ കെപിസിസി തീരുമാനിച്ചത്.
തുടര്‍ന്ന് വായിക്കാം: മോദി സ്തുതിയില്‍ കുടുങ്ങി തരൂര്‍; കോണ്‍ഗ്രസില്‍ കലഹം മുറുകുന്നു
വിമര്‍ശനം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവരെ ശശി തരൂര്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. നടപടി ആവശ്യവുമായി കൂടുതൽ നേതാക്കൾ പ്രതികരണങ്ങളുമായി എത്തുകയും ചെയ്തു. ശശി തരൂരിനെതിരെ ഹൈക്കമാന്‍റ് നടപടി ആവശ്യപ്പെട്ട് ടിഎൻ പ്രതാപൻ അടക്കമുള്ളവര്‍ കത്തയച്ചിട്ടുണ്ട്.
രാഹുൽ ഗാന്ധി പദവി ഒഴിഞ്ഞ ശേഷം അധ്യക്ഷ സ്ഥാനം അനിശ്ചിതമായി ഒഴിച്ചിട്ട കോൺഗ്രസിന്‍റെ നിലപാട് ശരിയല്ലെന്ന് തരൂര്‍ തുറന്നടിച്ചതും സംസ്ഥാന കോൺഗ്രസ് വൃത്തങ്ങളിൽ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. തുടക്കം മുതൽ തന്നെ ശശി തരൂരിനെതിരായ വികാരം സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കിടയിൽ ഉണ്ടായിരുന്നു. പലപ്പോഴായി ഇത്തരം കടന്നാക്രമണങ്ങൾ ഉണ്ടാകുന്നതിൽ തരൂര്‍ ക്യാമ്പിനും അമര്‍ഷമുള്ളതായാണ് വിവരം.
വിശദീകരണം ചോദിക്കാൻ കെപിസിസി തീരുമാനിച്ച സാഹചര്യത്തിൽ ശശി തരൂര്‍ പാര്‍ട്ടി നടപടിയോട് എങ്ങനെ പ്രതികരിക്കും എന്നതും ശ്രദ്ധേയമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam