തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അനുകൂലമായി പ്രസ്താവനയിറക്കിയ തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ സംസ്ഥാന നേതാക്കള്‍. മോദിയെ ദുഷ്ടനെന്ന് ചിത്രീകരിക്കുന്നത് നല്ലതല്ല. മോദി ചെയ്ത നല്ല കാര്യങ്ങളെ പ്രശംസിക്കണം. അല്ലെങ്കില്‍ വിമര്‍ശനത്തിന് വിശ്വാസ്യതയുണ്ടാകില്ലെന്നുമുള്ള തരൂരിന്‍റെ പ്രസ്താവനയാണ് കോണ്‍ഗ്രസില്‍ വിവാദമായത്. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപിമാരായ കെ മുരളീധരന്‍, ബെന്നി ബെഹനാന്‍ എന്നിവരാണ് തരൂരിനെതിരെ പരസ്യമായി രംഗത്തെത്തിയത്.

ശശി തരൂരിന്‍റെ പ്രസ്താവയെ തള്ളി രമേശ് ചെന്നിത്തലയാണ് ആദ്യം രംഗത്തെത്തിയത്. ആര് പറഞ്ഞാലും നരേന്ദ്ര മോദിയുടെ ദുഷ് ചെയ്തികൾ മറച്ചുവയ്ക്കാനാകില്ലെന്നും ജനങ്ങൾക്കും സമൂഹത്തിനും പൊതുവെ അസ്വീകാര്യമായ നിലപാടാണ് അദ്ദേഹം പിന്തുടരുന്നത്. നരേന്ദ്ര മോദിയുടെ തെറ്റായ നയങ്ങൾക്ക് എതിരായ പോരാട്ടം കോൺ​ഗ്രസ് തുടരുമെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

ചെന്നിത്തലക്കെതിരെ രൂക്ഷമായ ഭാഷയിലാണ് തരൂര്‍ പ്രതികരിച്ചത്. തന്നെ പഠിപ്പിക്കാന്‍ ആരും വരേണ്ടെന്നും മോദിയെ വിമര്‍ശിച്ച് പുസ്തകമെഴുതുകയും തനിക്കെിരെ രണ്ട് കേസുകള്‍ ഉണ്ടെന്നും തരൂര്‍ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തിയത്. ശരി തരൂരിന് എന്തുപറ്റിയെന്ന് അറിയില്ലെന്നും മോദി നിശിതമായി എതിര്‍ത്ത തരൂര്‍ ഇപ്പോള്‍ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് അറിയില്ലെന്നുമാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രതികരണം. സമാന അഭിപ്രായവുമായി ബെന്നി ബെഹനാനും രംഗത്തെത്തി.

രൂക്ഷമായ ഭാഷയിലാണ് കെ മുരളീധരന്‍ എംപി തരൂരിനെതിരെ രംഗത്തെത്തിയത്. മോദിയെ സ്തുതിക്കേണ്ടവര്‍ക്ക് ബിജെപിയില്‍ പോയി സ്തുതിക്കാമെന്നും കോണ്‍ഗ്രസിന്‍റെ ചെലവില്‍ വേണ്ടെന്നുമായിരുന്നു മുരളീധരന്‍റെ പ്രതികരണം.  മോദി കെട്ടിയ കക്കൂസില്‍ വെള്ളമില്ലെന്ന് പറഞ്ഞയാളാണ് ഇപ്പോള്‍ മോദിയെ സ്തുതിക്കുന്നതെന്നും മുരളീധരന്‍ പരിഹസിച്ചു. പാർട്ടിക്കകത്തിരുന്ന് ശശി തരൂരിനെ ഇത്തരം പ്രസ്താവനകൾ നടത്താൻ അനുവദിക്കില്ല. മോദി അനുകൂല നിലപാട് സ്വീകരിക്കുന്നവർ കോൺഗ്രസുകാരല്ല. ഇവർക്കെതിരെ നടപടി വേണം.

പാർട്ടി നിലപാടിനെതിരെ ആര് നിലപാട് എടുത്താലും അവർക്കെതിരെ നടപടി വേണം. കേസ് ഭയന്നിട്ടാണ് മോദി സ്തുതിയെങ്കിൽ കോടതിയിൽ നേരിടണമെന്നും മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും മനു അഭിഷേക് സിംങ്‍വിയുമാണ് മോദിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന നല്ലതല്ലെന്നും അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങളെ അഭിനന്ദിക്കണമെന്ന് അഭിപ്രായപ്പെട്ടത്. ശശി തരൂര്‍ ഇവരുടെ അഭിപ്രായത്തെ പിന്താങ്ങി രംഗത്തെത്തി.