
തൃശ്ശൂര്‍: കേരളത്തിലെ ഏറ്റവും തിരക്കേറിയ ടോള്‍ ബൂത്തുകളിലൊന്നായ പാലിയേക്കര ടോള്‍ പ്ലാസയിലൂടെ ദേശീയ പാത നിര്‍മ്മാണത്തിന് മുടക്കിയ 90 ശതമാനം തുകയും തിരികെ കിട്ടിയതായുള്ള കണക്കുകള്‍ പുറത്ത്.
വിവരാവകാശരേഖപ്രകാരം ശേഖരിച്ച രേഖകളിലൂടെയാണ് പാലിയേക്കര ദേശീയപാത നിര്‍മ്മാണത്തിന് ചെലവാക്കിയ തുകയുടെ 97 ശതമാനം തുകയും ടോള്‍ പിരിവിലൂടെ തിരികെ കിട്ടിയെന്ന വിവരം വ്യക്തമാവുന്നത്. അതേസമയം 2012 ഫെബ്രുവരി 9-ന് തുടങ്ങിയ ടോള്‍ പിരിവ് 2028 ഫെബ്രുവരി 9 വരെ തുടരാനാണ് കരാറിലെ വ്യവസ്ഥ.
കരാര്‍ തുടരാന്‍ ദേശീയപാത അതോറിറ്റി കരാര്‍ കമ്പനിയെ അനുവദിക്കുന്ന പക്ഷം ദേശീയപാത നിര്‍മ്മാണത്തിന് ചിലവാക്കിയ തുകയുടെ പത്ത് മടങ്ങായിരിക്കുംകമ്പനിക്ക് ലഭിക്കുകയെന്നും കണക്കുകളിലൂടെ വ്യക്തമാവുന്നു. എന്നാല്‍ വരുമാനം കൂടുമ്പോഴും അടിപാത നിര്‍മ്മാണം ഉള്‍പ്പെടെയുളള കരാറിലെ വ്യവസ്ഥകളൊന്നും ടോള്‍ കമ്പനി നടപ്പാക്കിയിട്ടുമില്ല.
പാലിയേക്കര ടോള്‍ പ്ലാസ വഴി ദിനം പ്രതി കടന്നു പോകുന്നത് 45,000-ത്തോളം വാഹനങ്ങളാണ്. അതായത് ഓരോദിവസവും ഇവിടെ നിന്ന് പിരിക്കുന്നത് ശരാശരി 30 ലക്ഷം രൂപയാണ്. 2012 ഫെബ്രുവരി 9 മുതലാണ് പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് തുടങ്ങിയത്. ഇതിനകം പിരിച്ചെടുത്തത് 698.14 കോടി രൂപയാണ്.
ദേശീയ പാത അതോറിറ്റിയും ടോള്‍ പ്ലാസ നടത്തിപ്പുകാരായ ഗുരുവായൂര്‍ ഇൻഫ്രാസ്ട്രച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും തമ്മിലുളള കരാര്‍ പ്രകാരം 2028 ജൂലായ് 21 വരെ ടോള്‍ പിരിക്കാം. മണ്ണുത്തി-ഇടപ്പള്ളി നാല് വരിപാതയുടെ നിര്‍മ്മാണത്തിന് കമ്പനിയ്ക്ക് ചെലവായത് 721.17 കോടി രൂപയാണ്. അതായത് 23 കോടി രൂപ കൂടി കിട്ടിയാല്‍ ചെലവായ തുക കമ്പനിക്ക് കിട്ടും.
എന്നാല്‍ തുക പിരിച്ചെടുക്കുന്നതിലുളള ശുഷ്കാന്തി കരാറില്‍ പറഞ്ഞിട്ടുളള മറ്റ് വ്യവസ്ഥകള്‍ നടപ്പാക്കുന്നതില്‍ കമ്പനിക്കില്ലെന്നാണ് ആരോപണം. ടോള്‍ കമ്പനിയ്ക്ക് മുടക്കുമുതല്‍ തിരിച്ചുകിട്ടിയാല്‍ കരാര് കാലാവധി തികയും മുമ്പു തന്നെ ദേശീയപാത അതോറിറ്റി പാത ഏററെടുക്കണമെന്നാണ് പൊതുപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും ആവശ്യം.
പാലിയേക്കരയില്‍ ജനം ചിലവാക്കിയ തുക....
ആകെ ---- 698,13,67,273 ( 698 കോടി )
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam