
തിരുവനന്തപുരം: അഭയക്കേസിന്‍റെ പല ഘട്ടങ്ങളിലും മൊഴി മാറ്റിപ്പറയാന്‍ സമ്മര്‍ദ്ദം ഉണ്ടായെന്ന് സാക്ഷിയും അഭയയുടെ അധ്യാപികയുമായ ത്രേസ്യാമ്മ വെളിപ്പെടുത്തി. തന്നെ ഒറ്റപ്പെടുത്തുകയും തനിക്ക് നേരെ കല്ലെറിയുകയും വരെ ചെയ്തു. കുടുംബത്തെ ഭീഷണിപ്പെടുത്തിയാണ് പ്രതിഭാഗം, സാക്ഷിമൊഴികള്‍ മാറ്റിപ്പറയിപ്പിക്കുന്നതെന്നും ത്രേസ്യാമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ആദ്യം കാണുമ്പോള്‍ സിസ്റ്റര്‍ അഭയയുടെ മൃതദേഹത്തില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു. മുഖത്താണ് മുറിവുണ്ടായിരുന്നത് എന്നും ത്രേസ്യാമ്മ ഇന്ന് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. താനും സഹഅധ്യാപികയും കൂടിയാണ് അഭയയുടെ മൃതദേഹം കാണാന്‍ പയസ് ടെന്‍ത് കോണ്‍വെന്‍റിലേക്ക് ചെന്നത്. കിണറിനു സമീപത്തായിരുന്നു അപ്പോള്‍ മൃതദേഹം. ബെഡ്ഷീറ്റുകൊണ്ട് മൂടിയ നിലയിലായിരുന്നു. കേസില്‍ പ്രതിയായ ജോസ് പുതൃക്കയിലാണ് ബെഡ്ഷീറ്റ് മാറ്റി മൃതദേഹം തങ്ങളെ കാണിച്ചത്. മുഖവും കഴുത്തിന്‍റെ ഭാഗവുമാണ് കണ്ടത്. മുഖത്ത് മുറിവുണ്ടായിരുന്നു. അത് താന്‍ അന്വേഷണസംഘത്തോടും കോടതിയിലും പറഞ്ഞതായി ത്രേസ്യാമ്മ പറഞ്ഞു.
പ്രതികളായ വൈദികര്‍ക്കെതിരെ വിദ്യാര്‍ത്ഥിനികള്‍ പലപ്പോഴും പരാതി പറഞ്ഞിരുന്നു. അവരുടെ സ്വാഭാവരീതിയും തങ്ങളോടുള്ള നോട്ടവും ശരിയല്ലെന്നാണ് പറഞ്ഞിരുന്നത്. വൈദികര്‍ക്കെതിരെ മൊഴി നല്‍കിയതിന് തനിക്കെതിരെ പല ആരോപണങ്ങളും പറഞ്ഞിട്ടുണ്ട്. അതൊന്നും കാര്യമാക്കുന്നില്ല. താന്‍ അവിവാഹിതയായതുകൊണ്ട് തന്നെ പ്രതിഭാഗത്തിന്‍റെ ഭീഷണികളെ ഭയമില്ലെന്നും ത്ര്യേസ്യാമ്മ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam