
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളുടെ ഡീസൽ മൈലേജ് മെച്ചപ്പെടുത്തുന്നതിനും ഇന്ധനക്ഷമത വർധിപ്പിക്കുന്നതിനുമായി സമഗ്രമായ പ്രവർത്തന പദ്ധതിയായ ‘പ്രോജക്റ്റ് സൂര്യ’ നടപ്പാക്കുന്നു. സിസ്റ്റമാറ്റിക് ഓപ്പറേഷൻസ് ബൈ ഒപ്റ്റിമൈസേഷൻ ആൻഡ് റിഡക്ഷൻ ഓഫ് എമിഷൻ വിത്ത് ഇയർ എറൗണ്ട് ആക്ഷൻ പ്ലാൻ എന്നതാണ് പദ്ധതിയുടെ പൂർണ്ണരൂപം. ബസുകളുടെ കെഎംപിഎൽ വർധിപ്പിക്കുന്നതിനൊപ്പം ഇന്ധനക്ഷമതയിലെ പുരോഗതി കൃത്യമായി വിലയിരുത്തുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന ഏകീകൃത സംവിധാനം രൂപപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി ഓരോ ഡിപ്പോയിലെയും ബസുകളുടെ പ്രതിദിന കെഎംപിഎൽ പ്രവർത്തനക്ഷമത വിലയിരുത്തും. കുറഞ്ഞ മൈലേജ് രേഖപ്പെടുത്തുന്ന ബസുകൾ കണ്ടെത്തി ആവശ്യമായ സാങ്കേതിക പരിശോധനകളും അറ്റകുറ്റപ്പണികളും നടത്തും. അമിതമായ പുക, ഡീസൽ ചോർച്ച, എയർ ലീക്ക് തുടങ്ങിയ സാങ്കേതിക പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനും സർവീസ് ഓപ്പറേഷനിലെ കൃത്യത ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകും. ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി കൗൺസിലിംഗും പരിശീലനവും നൽകും.
പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ ബസുകൾക്ക് നാല് വിഭാഗങ്ങൾ
കെഎംപിഎൽ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ ബസുകളെ എ, ബി, സി, ഡി എന്നീ നാല് വിഭാഗങ്ങളായി തരംതിരിക്കും.
എ– മികച്ച പെര്‍ഫോമൻസ്: നിശ്ചയിക്കപ്പെട്ടതോ അതിൽ കൂടുതലോ ആയ കെഎംപിഎൽ ലഭിക്കുന്ന ബസുകൾ.
ബി– വാച്ച് ലിസ്റ്റ്: സാധാരണ ലഭിക്കുന്ന മൈലേജിൽ നേരിയ കുറവ് കാണിക്കുന്ന ബസുകൾ.
സി– മോശം പെര്‍ഫോമൻസ്: തുടർച്ചയായി കുറഞ്ഞ കെഎംപിഎൽ രേഖപ്പെടുത്തുകയും സാങ്കേതിക പരിശോധന ആവശ്യമായിരിക്കുകയും ചെയ്യുന്ന ബസുകൾ.
ഡി– ക്രിട്ടിക്കൽ: കെഎംപിഎല്ലിൽ വലിയ കുറവിനൊപ്പം അമിതമായ പുക, ഡീസൽ/എയർ ലീക്ക് തുടങ്ങിയ ഗുരുതര സാങ്കേതിക പ്രശ്നങ്ങളുള്ള ബസുകൾ.
പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി വിവിധ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും വ്യക്തമായ ചുമതലകൾ നിശ്ചയിച്ചിട്ടുണ്ട്. ഡിപ്പോയിലെ കെഎംപിഎൽ ഇംപ്രൂവ്മെന്‍റ് പ്രോഗ്രാമിന്റെ പൂർണ്ണ ചുമതല യൂണിറ്റ് ഓഫീസർക്കായിരിക്കും. പ്രതിദിന അവലോകന യോഗങ്ങൾ നടത്തുകയും ജീവനക്കാരുടെ കാര്യക്ഷമത വിലയിരുത്തുകയും ചെയ്യും. കുറഞ്ഞ കെഎംപിഎൽ രേഖപ്പെടുത്തുന്ന ബസുകളുടെ സാങ്കേതിക പരിശോധന, പുക, ഡീസൽ/എയർ ലീക്ക് എന്നിവയുടെ നിരീക്ഷണം, ആവശ്യമായ അറ്റകുറ്റപ്പണികൾ എന്നിവ ഗാരേജ് ഹെഡിന്റെ നേതൃത്വത്തിൽ ഉറപ്പാക്കും.
ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ/സ്റ്റേഷൻ മാസ്റ്റർ സർവീസ് നടത്തിപ്പിന്റെ കൃത്യത നിരീക്ഷിക്കുകയും അനാവശ്യമായ എഞ്ചിൻ ഐഡ്ലിംഗ് നിയന്ത്രിക്കുകയും ചെയ്യും. ഡ്രൈവർമാരും കണ്ടക്ടർമാരും ഇന്ധനക്ഷമത ഉറപ്പാക്കുന്ന രീതിയിൽ വാഹനം ഓടിക്കുകയും ശരിയായ ഗിയർ ഉപയോഗിക്കുകയും വാഹനത്തിലെ തകരാറുകൾ യഥാസമയം റിപ്പോർട്ട് ചെയ്യുകയും വേണം.
കൃത്യമായ നിരീക്ഷണവും റിപ്പോർട്ടിംഗും
ഓരോ ഡിപ്പോയിലെയും മൊത്തത്തിലുള്ള പ്രകടനം, സാങ്കേതിക പ്രശ്നങ്ങൾ, ജീവനക്കാരുടെ പ്രകടനം, സർവീസ് സമയനിഷ്ഠ എന്നിവ ഉൾപ്പെടുത്തി പ്രതിദിന റിപ്പോർട്ട് തയ്യാറാക്കും. ശരാശരി കെഎംപിഎൽ, മികച്ചതും മോശം പ്രകടനം കാഴ്ചവെക്കുന്നതുമായ ബസുകളുടെ പട്ടിക, പരിഹരിച്ചതും ബാക്കിയുള്ളതുമായ സാങ്കേതിക പ്രശ്നങ്ങൾ, ജീവനക്കാർക്ക് നൽകിയ പരിശീലനങ്ങൾ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി പ്രതിവാരവും പ്രതിമാസവും വിശദമായ റിപ്പോർട്ടുകൾ മേലധികാരികൾക്ക് സമർപ്പിക്കും.
‘കണ്ടെത്തൽ മുതൽ നടപടി പൂർത്തിയാക്കുക വരെ’
‘പ്രോജക്റ്റ് സൂര്യ’യുടെ ലക്ഷ്യം താൽക്കാലികമായി മൈലേജ് വർധിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല. സാങ്കേതിക പ്രശ്നപരിഹാരം, മികച്ച സർവീസ്, കാര്യക്ഷമമായ ഡ്രൈവിംഗ് എന്നിവയിലൂടെ ദീർഘകാലവും ശാശ്വതവുമായ ഇന്ധനക്ഷമത ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മോശം പ്രകടനം കാഴ്ചവെക്കുന്ന ഓരോ ബസിനെയും കണ്ടെത്തുക → പരിശോധിക്കുക → പരിഹരിക്കുക → ഉറപ്പുവരുത്തുക → നിരീക്ഷിക്കുക → നടപടി പൂർത്തിയാക്കുക എന്ന ക്രമത്തിൽ കൈകാര്യം ചെയ്യും.
കെഎംപിഎൽ വർധിപ്പിക്കുന്നതിനൊപ്പം ടയറുകളുടെയും ബ്രേക്ക് ലൈനറുകളുടെയും ആയുസ്സ് വർധിപ്പിക്കുക, അപകടങ്ങൾ കുറയ്ക്കുക, യാത്രക്കാരുടെ യാത്രാസുഖം മെച്ചപ്പെടുത്തുക എന്നിവയും ‘പ്രോജക്റ്റ് സൂര്യ’യിലൂടെ ലക്ഷ്യമിടുന്ന പ്രധാന നേട്ടങ്ങളാണ്. ഇന്ധനക്ഷമതയിലൂടെ ചെലവ് നിയന്ത്രണം, സാങ്കേതിക കാര്യക്ഷമതയിലൂടെ മികച്ച സർവീസ് ഉറപ്പാക്കി കെഎസ്ആർടിസിയുടെ പ്രവർത്തനക്ഷമത കൂടുതൽ ഉയർത്തുകയാണ് ‘പ്രോജക്റ്റ് സൂര്യ’യുടെ ലക്ഷ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam