താൽക്കാലിക ഡ്രൈവറുടെ ഉറപ്പ്, വാഗ്ദാനത്തിൽ വീണവരേറെ; ഗൂഗിൾപേയിലൂടെയും ഫോൺപേയിലൂടെയും തട്ടിയത് ലക്ഷങ്ങൾ

Published : Jun 20, 2025, 10:16 PM IST
Kerala Police

Synopsis

പണം തിരികെ ലഭിച്ചാൽ മതിയെന്ന നിലപാടിലാണ് പരാതിക്കാരിൽ ഭൂരിപക്ഷവും.

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്. സെക്രട്ടേറിയറ്റിൽ മുൻപ് താൽക്കാലിക ഡ്രൈവറായി ജോലി ചെയ്തിരുന്നയാളാണ് തിരുവനന്തപുരം ജില്ലയിലെ വിവിധ മേഖലകളിലെ ആളുകളിൽ നിന്നായി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത്. കഴിഞ്ഞ മാർച്ച് മുതലാണ് അരുവിക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന ആളും പൂന്തുറ സ്വദേശിയും ചേർന്ന് വ്യാപകമായി പണം തട്ടിയത്. ഒരു ലക്ഷം രൂപയോളമാണ് ഓരോ ആളുകൾക്കും നഷ്ടമായത്.

ഗൂഗിൾപേ, ഫോൺപേ തുടങ്ങിയവയിലൂടെയാണ് പണം നൽകിയതെന്നതിനാൽ രേഖകളടക്കം പരാതികളാണ് ഓരോദിവസവും വിവിധ സ്റ്റേഷനുകളിലെത്തുന്നത്. ഇരയായവരിൽ ഏറെയും മത്സ്യത്തൊഴിലാളികളികളാണെന്നതിനാൽ പൂന്തുറ, ഫോർട്ട്, അരുവിക്കര സ്റ്റേഷനുകളിലാണ് പരാതികൾ ലഭിച്ചിരിക്കുന്നത്. പൂന്തുറ, വലിയതുറ ഭാഗങ്ങളിൽ ഉള്ളവരാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. പണം തട്ടിയെടുക്കാൻ സഹായിയായി പ്രവർത്തിച്ച പൂന്തുറ സ്വദേശിയും ഒളിവിലാണ്. പരാതികളുടെ അടിസ്ഥാനത്തിൽ ഫോർട്ട് പൊലീസ് ഇയാളെ വിളിപ്പിച്ചെങ്കിലും തിങ്കളാഴ്ച പണം മുഴുവൻ തിരികെ നൽകാമെന്ന് അറിയിച്ചതിനാൽ അതിന് ശേഷമാകും തുടർനടപടി സ്വീകരിക്കുകയെന്ന് പൊലീസ് പറഞ്ഞു. പണം തിരികെ ലഭിച്ചാൽ മതിയെന്ന നിലപാടിലാണ് പരാതിക്കാരിൽ ഭൂരിപക്ഷവും. തട്ടിപ്പുകാരൻ തിങ്കളാഴ്ച പണം തിരികെ നൽകാമെന്ന് അറിയിച്ചിരിക്കുന്നതിനാൽ തിങ്കളാഴ്ച വരെ കാത്തിരിക്കാനാണ് പരാതിക്കാരുടെ തീരുമാനം.

PREV
Read more Articles on
click me!

Recommended Stories

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഹ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ