
ചാരുംമൂട്: നിരവധി ലഹരി കേസുകളില്‍ പ്രതിയായ യുവാവിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ലഹരി മാഫിയക്കെതിരെ നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് നൂറനാട് സ്വദേശി ഷൈജുഖാന്‍ എന്ന ഖാന്‍ പി കെ (41) യുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. ഇയാളുടെ പേരിലുളള 17.5 സെന്‍റ് വസ്തുവും വീടുമാണ് എസ്എഎഫ്ഇഎം ആക്ട് (1976) പ്രകാരം കണ്ടു കെട്ടാന്‍ ഉത്തരവായിട്ടുള്ളത്. 2020 മുതല്‍ നൂറനാട് പൊലീസ്, നൂറനാട് എക്സൈസ്, ആലപ്പുഴ എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ഏഴ് കഞ്ചാവ് കേസുകളില്‍ പ്രതിയാണ് ഷൈജു ഖാന്‍.
ഒഡീഷ, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും കഞ്ചാവ് കടത്തിക്കൊണ്ടു വന്ന് ചാരുംമൂട് കേന്ദ്രീകരിച്ച് ആലപ്പുഴ, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളില്‍ ചെറുപ്പക്കാര്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും ഇയാള്‍ വില്‍പ്പന നടത്തിയിരുന്നു. 2023 മാര്‍ച്ചില്‍ രണ്ട് കിലോ കഞ്ചാവുമായി നൂറനാട് പൊലീസും 2024 ജൂണില്‍ രണ്ട് കിലോ കഞ്ചാവുമായി നൂറനാട് എക്സൈസും 2024 ഓഗസ്റ്റില്‍ 8.5 കിലോ കഞ്ചാവുമായി ആലപ്പുഴ എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡും ഇയാളെ പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു. ഈ കേസുകളില്‍ ജാമ്യത്തിലിറങ്ങിയ ഷൈജു ഖാന്‍റെ വീട്ടില്‍ നിന്നും 2024 നവംബറില്‍ 125 ഗ്രാം കഞ്ചാവ് നൂറനാട് പൊലീസ് കണ്ടെടുത്തു. അന്യസംസ്ഥാന തൊഴിലാളികളെ ഉള്‍പ്പെടെ ഉപയോഗിച്ചാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്.
എൻഡിപിഎസ് നിയമത്തിലെ പ്രത്യേക വകുപ്പു പ്രകാരം നൂറനാട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കഞ്ചാവ് വില്പനയിലൂടെ ഷൈജു ഖാന്‍ നേടിയ സ്വത്തുവകകള്‍ കണ്ടെത്തി. 2020 ല്‍ അയല്‍വാസിയില്‍ നിന്നും 17 ലക്ഷം രൂപ വിലക്ക് ഇയാളുടെ പേരില്‍ 17.5 സെന്‍റ് ഭൂമിയും വീടും വാങ്ങിയതായി തെളിവുകള്‍ ലഭിച്ചു. വസ്തു വാങ്ങിയ പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് യാതൊരു തെളിവുകളും ഹാജരാക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ഈ വസ്തുവിന്‍റെ കൈമാറ്റം മരവിപ്പിക്കുകയാണുണ്ടായത്. സ്വത്ത് കണ്ടുകെട്ടുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാറിന്‍റെ ധനകാര്യ മന്ത്രാലയത്തിനു കീഴിലുളള റവന്യൂ വകുപ്പിന്‍റെ ചെന്നൈ ആസ്ഥാനമായുളള ട്രിബ്യൂണലിന് രേഖകള്‍ സഹിതമുള്ള തെളിവ് പൊലീസ് സമര്‍പ്പിച്ചു.
ആലപ്പുഴ ജില്ലയില്‍ മാവേലിക്കര സ്വദേശിയായ ലഹരി മാഫിയ തലവന്‍ ലിജു ഉമ്മന്‍ എന്നയാളുടെ നാല് വാഹനങ്ങള്‍ 2022 ല്‍ ചെന്നൈ ട്രിബ്യൂണല്‍ ജപ്തി ചെയ്തിരുന്നു. വസ്തു കണ്ടുകെട്ടുന്നതില്‍ ആലപ്പുഴ ജില്ലയില്‍ ഉണ്ടായ ആദ്യ നടപടിയാണ് ഷൈജു ഖാനെതിരെയുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
Read More:കഞ്ചാവ് കേസിൽ തമിഴ്‌നാട്ടിൽ പിടിയിലായി ജാമ്യത്തിലിറങ്ങി, പിന്നാലെ കേരളത്തിൽ എംഡിഎംഎയുമായി അറസ്റ്റിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam