മധു കൊലക്കേസ്: സാക്ഷി വിസ്താരം പൂർത്തിയായി, കൂറുമാറിയത് 24 പേർ; വിധിയിൽ പ്രതീക്ഷവച്ച് പബ്ലിക് പ്രോസിക്യൂട്ടർ

By Web TeamFirst Published Jan 12, 2023, 6:11 PM IST
Highlights

24 പേരെ വിസ്തരിക്കുന്നതിൽ നിന്ന് ഒഴിവാക്കി. രണ്ട് പേർ മരിച്ചു. 77 പേർ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസ് പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം പൂർത്തിയായി. ആകെയുള്ള 127 സാക്ഷികളിൽ 24 പേർ കുറ്മാറി. 24 പേരെ വിസ്തരിക്കുന്നതിൽ നിന്ന് ഒഴിവാക്കി. രണ്ട് പേർ മരിച്ചു. 77 പേർ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. കുറ്റപത്രത്തോടൊപ്പം 122 സാക്ഷികളുടെ ലിസ്റ്റാണ് നൽകിയിരുന്നത്. ഇതിനു പുറമേ അഞ്ച് സാക്ഷികളെ കൂടി ഉൾ പ്പെടുത്തുകയായിരുന്നു.

മധു കേസിൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തിയതെന്തിന്? മുൻസിഫ് കോടതി മുൻ മജിസ്ട്രേറ്റ് രമേശനെ വീണ്ടും വിസ്തരിച്ചു

മജിസ്റ്റീരിയൽ റിപ്പോർട്ട് തയാറാക്കിയ മണ്ണാർക്കാട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മുൻ മജിസ്ട്രേറ്റ്, മധുവിന്റെ ജാതി സർട്ടിഫിക്കറ്റ് പുതുതായി നൽകിയ അട്ടപ്പാടി തഹസിൽദാർ, പ്രതികളുടെ ജാമ്യം റദ്ദാക്കാൻ ഇടയാക്കിയ ഫോൺകോളുകൾ വിളിക്കാൻ ഉപയോഗിച്ച മൂന്ന് ഫോൺ കമ്പനികളുടെ നോഡൽ ഓഫിസർമാർ എന്നിവരെയാണ് പുതുതായി സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.

സാക്ഷി വിസ്താരം പൂർത്തിയായ സാഹചര്യത്തിൽ ഇനി പ്രതികളെ ചോദ്യം ചെയ്യൽ ആരംഭിക്കും. പ്രതിഭാഗത്തിന് പുതിയ തെളിവുകളും സാക്ഷികളെയും ഹാജരാക്കാനുണ്ടെങ്കിൽ അവസരം നൽകും. തുടർന്നാണ് ക്രോസ് വിസ്താരം നടക്കുക. ഏപ്രിലിലോടെ വിധിപറയാനാവുമെന്നാണ് കണക്കു കൂട്ടുന്നത്. പ്രോസിക്യൂഷന് ശുഭ പ്രതീക്ഷയാണുള്ളതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ പറഞ്ഞു.

അതേസമയം മധുക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മജിസ്റ്റീരിയൽ റിപ്പോർട്ട് തയാറാക്കിയ മുൻ ഒറ്റപ്പാലം സബ് കളക്ടർ ജെറോമിക് ജോർജ് ഇതിനിടെ രംഗത്തെത്തിയിരുന്നു. മധുവിനെ പൊലീസ് മുക്കാലിയിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുമ്പോൾ പരിക്കുകൾ ഉള്ളതായി സാക്ഷിമൊഴികളില്ലെന്നും ആശുപത്രിയിൽ എത്തിയപ്പോൾ പരിക്ക് ഉണ്ടായിരുന്നതായുമാണ് മുൻ ഒറ്റപ്പാലം സബ് കളക്ടർ ജെറോമിക് ജോർജ് വെളിപ്പെടുത്തിയത്. പ്രതിഭാഗത്തിന്റെ ചോദ്യത്തിനു മറുപടിയായാണ്  മുൻ ഒറ്റപ്പാലം സബ് കളക്ടർ ഇക്കാര്യം പറഞ്ഞത്.  മജിസ്റ്റീരിയൽ റിപ്പോർട്ട് കേസ് രേഖയിൽ മാർക്ക് ചെയ്യുന്നതിന്റെ ഭാഗമായാണ് ജെറോമിക് ജോർജിനെ രണ്ടാം തവണയും വിസ്തരിച്ചത്.

click me!