മണ്ണാർക്കാട് നിയമസഭാ മണ്ഡലത്തിൽ ഷംസുദ്ധീൻ്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി മുസ്ലിം ലീഗിൽ ഭിന്നത രൂക്ഷമായി. സംസ്ഥാന നേതൃത്വം ഇടപെട്ട് ചർച്ച നടത്തിയെങ്കിലും, ഷംസുദ്ധീൻ്റെ സ്ഥാനാർത്ഥിത്വം തടയാൻ മുനിസിപ്പൽ കമ്മിറ്റി പ്രമേയം പാസാക്കി

പാലക്കാട്: മണ്ണാർക്കാട് നിയമസഭാ മണ്ഡലത്തിൽ ഷംസുദ്ധീൻറെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് മണ്ഡലം നേതാക്കളെ പാണക്കാടേക്ക് സംസ്ഥാന നേതൃത്വം വിളിച്ചുവരുത്തി. മുംസ്ലിം ലീഗിലെ അഭിപ്രായ ഭിന്നത പരസ്യ പ്രതികരണത്തിലേക്ക് കടന്നതോടെയാണ് നേതൃത്വത്തിൻറെ ഇടപെടൽ. ഷംസുദ്ധീനെ തന്നെ മത്സരിപ്പിക്കാമെന്ന് മണ്ഡലം പ്രസിഡൻറിൻറെ നേതൃത്വത്തിലുള്ള വിഭാഗം നേതൃത്വത്തെ അറിയിച്ചു. എന്നാൽ നേതൃത്വത്തിന് മുന്നിൽ വിയോജിപ്പ് അറിയിച്ച് മറു വിഭാഗം തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നു. 

പരസ്യ പ്രതികരണം നടത്തിയവർക്കെതിരെ ഇപ്പോൾ നടപടി വേണ്ടെന്ന നിലപാടിലാണ് നേതൃത്വം. പിന്നീട് മണ്ണാർക്കാട് ലീഗ് മുനിസിപ്പൽ കമ്മിറ്റി ഷംസുദ്ദീൻ്റെ സ്ഥാനാർത്ഥിത്വം തടയാൻ പ്രമേയം പാസാക്കി. പ്രവർത്തകരുടെ വികാരം മാനിക്കണമെന്ന് പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടു. മണ്ണാർക്കാട്ടുകാരൻ തന്നെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകണമെന്നതിൽ വിട്ടുവീഴ്ചയില്ലെന്നാണ് ഇവരുടെ നിലപാട്. ഇക്കാര്യം രേഖാമൂലം സംസ്ഥാന കമ്മിറ്റിയെ അറിയിച്ചതായി മുനിസിപ്പൽ കമ്മിറ്റി വ്യക്തമാക്കി.