പൗരത്വ ഭേദഗതി: ദില്ലിയില്‍ സമരത്തിൽ പങ്കെടുത്ത മലയാളി വിദ്യാർത്ഥികളെ ആക്രമിച്ച് എബിവിപി പ്രവര്‍ത്തകര്‍

By Web TeamFirst Published Dec 18, 2019, 7:37 AM IST
Highlights

പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരത്തിൽ പങ്കെടുത്തതിനാണ് മർദ്ദനമെന്ന് മർദ്ദനമേറ്റ വിദ്യാർത്ഥികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ദില്ലി: ദില്ലി സർവകലാശാലയുടെ നോർത്ത് ക്യാമ്പസിൽ പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരത്തിൽ പങ്കെടുത്ത മലയാളി വിദ്യാർത്ഥികളെ എബിവിപി പ്രവർത്തകർ ആക്രമിക്കുന്നതായി പരാതി. കാമ്പസിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്ന്  ഭീഷണിപ്പെടുത്തിയതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരത്തിൽ പങ്കെടുക്കരുതെന്ന് പറഞ്ഞായിരുന്നു മർദ്ദനമെന്ന് മർദ്ദനമേറ്റ വിദ്യാർത്ഥികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പൗരത്വ ഭേദഗതിക്കെതിരെ കഴിഞ്ഞ ദിവസം കാമ്പസിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു. ഇതിന്‍റെ ഭാഗമായ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് അതിക്രമം. നേരത്തെ മലയാളി വിദ്യാർത്ഥികളെ എബിവിപി പ്രവർത്തകർ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. പ്രതിഷേധങ്ങളില്‍ കൂടുതലായും പങ്കെടുക്കുന്നത് മലയാളി വിദ്യാര്‍ത്ഥികളാണ്. അതിനാലാണ് ഇവരെ ഭീഷണിപ്പെടുത്തുന്നതും ഇവര്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടാകുന്നതും. ആക്രമണങ്ങളുടെ സാഹചര്യത്തില്‍ ഒറ്റയ്ക്ക് സഞ്ചരിക്കരുതെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മലയാളി വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ അറിയിച്ചു.  

പൗരത്വഭേദഗതിക്ക് എതിരായ ഹർജികൾ സുപ്രീംകോടതിയിൽ; പരിഗണിക്കുന്നത് ലീഗിന്‍റേത് ഉൾപ്പടെ 7 ഹർജികൾ

അതിനിടെ പൗരത്വഭേദഗതിക്കെതിരെ രാജ്യത്ത് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമാകുകയാണ്. മദ്രാസ് സർവകലാശാലയില്‍ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാർത്ഥികളുടെ അനിശ്ചിതകാല സമരം തുടരുകയാണ്. സമരത്തിന് നേതൃത്വം നൽകിയ രണ്ട് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിട്ടയക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് വിദ്യാർത്ഥികൾക്ക് പൊലീസ് ഉറപ്പ് നൽകി. എന്നാൽ പൗരത്വ നിയമ ഭേദഗതി റദ്ദാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന ഉറച്ച നിലപാടിലാണ് വിദ്യാർത്ഥികൾ

click me!