ദില്ലി: ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരായ ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. മുസ്ലിം ലീഗ് നല്കിയ ഹർജിയാണ് കോടതി പ്രധാനമായും പരിഗണിക്കുന്നത്. സമാനമായ മറ്റ് ആറ് ഹർജികളും ഇതിനൊപ്പം കോടതി പരിഗണിക്കും.തൃണമൂൽ കോൺഗ്രസ് നേതാവ് മൊഹുവ മൊയിത്ര, ഓൾ ആസം സ്റ്റുഡൻറസ് യൂണിയൻ, എൻഡിഎ സഖ്യകക്ഷിയായ അസംഗണ പരിഷത്ത് എന്നിവയുടെ ഹർജികൾ ഇതിൽ ഉൾപ്പെടുന്നു.

കോൺഗ്രസ്, സിപിഎം തുടങ്ങിയ പാർട്ടികൾ നല്തിയ ഹർജികൾ ലിസ്റ്റിലില്ലെങ്കിലും അഭിഭാഷകർ ഇക്കാര്യം പരാമർശിക്കും. പൗരത്വ നിയമഭേദഗതി സ്റ്റേ ചെയ്ത ശേഷം ഇക്കാര്യത്തിൽ തുടർവാദം കേൾക്കണം എന്നതാവും ആവശ്യം. തുല്യതയ്ക്കുള്ള അവകാശം ഹനിക്കുന്നതാണ് നിയമമെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഹർജികൾ മൂന്നംഗ ബഞ്ച് തന്നെ തുടർന്നും കേൾക്കണോ ഭരണഘടന ബഞ്ച് വേണോ എന്നതും തീരുമാനിക്കണം.പ്രതിഷേധം ശക്തിപ്പെടുന്ന സാഹചര്യത്തിൽ സുപ്രീം കോടതി എടുക്കുന്ന നിലപാട് പ്രധാനമാകും.

പ്രതിഷേധം മദ്രാസ് യൂണിവേഴ്സിറ്റിയിലേക്കും 

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള മദ്രാസ് സർവകലാശാലയിലെ വിദ്യാർത്ഥികളുടെ അനിശ്ചിതകാല സമരം തുടരുകയാണ്. സമരത്തിന് നേതൃത്വം നൽകിയ രണ്ട് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിട്ടയക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് വിദ്യാർത്ഥികൾക്ക് പൊലീസ് ഉറപ്പ് നൽകി.

എന്നാൽ പൗരത്വ നിയമ ഭേദഗതി റദ്ദാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന ഉറച്ച നിലപാടിലാണ് വിദ്യാർത്ഥികൾ. തമിഴ്നാട്ടിലെ മറ്റ് സർവകലാശാലകളിലെ വിദ്യാർത്ഥികളും പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് വിവിധ വിദ്യാർത്ഥി സംഘടനകളും മദ്രാസ് സർവകലാശാലയിലേക്ക് മാർച്ച് നടത്തും. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സർവകലാശാല അവധി പ്രഖ്യാപിച്ചെങ്കിലും അംഗീകരിക്കില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. സർവകലാശാല പരിസരത്ത് കനത്ത പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്