
തിരുവനന്തപുരം: തുടര്‍ച്ചയായ ആറാം ദിവസവും മന്ത്രി കെ ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുകയാണ്. സെക്രട്ടേറിയേറ്റിലേക്കും വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്കും പ്രതിഷേധ മാർച്ച് നടക്കുകയാണ്. പ്രതിഷേധം സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ തെരുവ് യുദ്ധത്തില്‍ കലാശിച്ചു. പാലക്കാട്ടെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘര്‍ഷത്തിലാണ് കലാശിച്ചത്. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തിവീശി. ലാത്തിച്ചാര്‍ജില്‍ വി ടി ബല്‍റാം എംഎല്‍എയ്ക്കും പരിക്കേറ്റു. കോട്ടയത്തെ യുവമോര്‍ച്ച മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി.
ചോദ്യം ചെയ്യലിനായി എന്‍ഐഎക്ക് മുന്നിലെത്തിയത് ആയുധമാക്കി പ്രതിപക്ഷം. ജലീലിനെതിരെ കോണ്‍ഗ്രസും ബിജെപിയും പ്രക്ഷോഭം കടുപ്പിക്കുകയാണ്. ജലീന്‍റെ ചോദ്യം ചെയ്യല്‍ ആരംഭിച്ച സമയത്ത് എന്‍ഐഎ ഓഫീസിനിന് മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എൻഐഎ ഓഫീസിന് സമീപം പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ചു പ്രവർത്തകരെ തടഞ്ഞു. പ്രതിഷേധം മുന്നില്‍ കണ്ട് ജലീലിനെ ചോദ്യം ചെയ്യുന്ന കൊച്ചി എന്‍ഐഎ ഓഫീസിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കടവന്ത്രയിൽ നിന്ന് എൻഐഎ ഓഫീസിലേക്ക് തിരിയുന്ന എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡ് വച്ച് അടച്ചിരിക്കുകയാണ്.
എൻഐഎ ആസ്ഥാനത്തേക്ക് ബിജെപി യുവമോർച്ചയും മാർച്ച് നടത്തി. കെ ടി ജലീലിനെ ചോദ്യം ചെയ്യുന്ന എൻഐഎക്ക് അഭിവാദ്യം അർപ്പിച്ചാണ് മാർച്ച്. കോട്ടയത്ത് ബാരിക്കേട് മറി കടന്ന രണ്ട് യുവമോർച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിജെപി സംസ്ഥാന വക്താവ് നാരായണൻ നമ്പൂതിരിക്ക് പരിക്കേറ്റു. തൃശൂരില്‍ കമ്മീഷണര്‍ ഓഫീസിലേക്ക് മഹിളാ മോര്‍ച്ച പ്രവര്‍ത്തര്‍ മാര്‍ച്ച് നടത്തി.
അതേസമയം, എകെജി സെന്ററിന് മുന്നിൽ പൊലീസ് സുരക്ഷ കൂട്ടി. മന്ത്രിയുടെ ഔദ്യോഗിക ഓഫീസിലും പൊലീസ് സന്നാഹം കൂട്ടി. ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. കണ്ണൂർ കളക്ട്രേറ്റിലേക്ക് കെഎസ്‍യു പ്രതിഷേധ മാർച്ച് നടത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam