
പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിലേക്ക് തന്ത്രിമാരെ വലിച്ചിഴയ്ക്കുന്നില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. പുതിയ തന്ത്രിയും പഴയ തന്ത്രിയും തന്ന കത്തുകൾക്ക് രേഖയുണ്ടെന്നും അതൊന്നും പരസ്യപ്പെടുത്താനില്ലെന്നും പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി പുതിയ ബോർഡിന് ഒരു ബന്ധവുമില്ല. പുതിയ തന്ത്രിയും പഴയ തന്ത്രിയും തന്ന കത്തുകൾക്ക് രേഖയുണ്ട്. പക്ഷേ അതൊന്നും ഞങ്ങൾ പരസ്യപ്പെടുത്തുന്നില്ല. ദ്വാരപാലക ശിൽപ്പപാളിയിൽ സ്വർണം ഉണ്ടായിരുന്നുവെന്നത് സത്യമാണ്. തനിക്ക് പങ്കുണ്ടെങ്കിൽ പോലും ശിക്ഷിക്കട്ടെ. കോടതിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ആറാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ദേവസ്വം വിജിലൻസ് എസ് പി 10ന് റിപ്പോർട്ട് സമർപ്പിക്കും. കോടതി പ്രഖ്യാപിച്ച അന്വേഷണ സമിതിയിൽ തൃപ്തിയില്ലെങ്കിൽ പ്രതിപക്ഷ നേതാവ് പറയട്ടെ എന്നും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും വരെ ബോർഡിനെ മണ്ഡലകാല ഒരുക്കങ്ങൾക്കായി പ്രവർത്തിക്കാൻ അനുവദിക്കണമെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
ദ്വാരപാലക ശിൽപ്പം സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് മുരാരി ബാബു പറയുന്നത് കള്ളമെന്ന് തന്ത്രി കണ്ഠര് രാജീവര്. ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണം പൂശുന്നതിനായി ചെന്നൈയിൽ കൊണ്ടുപോകാൻ താൻ അനുമതി കൊടുത്തിട്ടില്ലെന്നും തന്ത്രി കണ്ഠര് രാജീവര് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശിൽപ്പങ്ങളുടെ കുറച്ചുഭാഗം നിറം മങ്ങിയെന്നും അറ്റകുറ്റപ്പണി നടത്താൻ അനുമതി വേണമെന്നും ഇങ്ങോട്ട് ആവശ്യപ്പെട്ടതാണെന്നും ഇങ്ങോട്ട് എഴുതി ചോദിച്ചതിന്റെ മറുപടി മാത്രമാണ് കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.
അടിഭാഗത്ത് മാത്രമാണ് കുറച്ചു മങ്ങൽ വന്നത്. ശബരിമലയിൽ വച്ച് അറ്റകുറ്റപ്പണി നടത്താനാണ് താൻ അനുമതി കൊടുത്തത്. തന്ത്രി എന്ന നിലയിൽ ചെന്നൈയിൽ കൊണ്ടുപോകാൻ അനുമതി കൊടുത്തിരുന്നില്ല. സ്വർണം പൂശാൻ കൊണ്ടുപോയത് തന്റെ അനുമതി വാങ്ങാതെയാണ്. ഇപ്പോഴും സ്വർണം പൂശുന്നതിനായി ചെന്നൈയിൽ കൊണ്ടുപോയത് തന്റെ അനുമതി ഇല്ലാതെയാണ്. കൂടാതെ എല്ലാം സ്വർണം തന്നെയാണ്, ചെമ്പല്ല. താൻ നൽകിയ കത്തുകളിൽ എല്ലാം സ്വർണ്ണം എന്നാണ് എഴുതിയിരിക്കുന്നത്. ദ്വാരപാലകശില്പങ്ങൾ ഉൾപ്പെടെ എല്ലാം സ്വർണമാണ്. 2019ൽ ആയാലും ഇപ്പോഴായാലും പുറത്തുകൊണ്ടുപോയി സ്വർണം പൂശാൻ താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.