
തിരുവനന്തപുരം: 10 ചോദ്യങ്ങൾ പരിശോധിക്കാതെ തയ്യാറാക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കാൻ തീരുമാനം. വിവാദ പട്ടിക അനുസരിച്ചുള്ള നിയമനം പുനഃപരിശോധിക്കാനും എല്ലാം ഉദ്യോഗാർത്ഥികളുടേയും ഉത്തരക്കടലാസ് വീണ്ടും മൂല്യനിർണ്ണയം നടത്താനും ഇന്ന് ചേർന്ന കമ്മീഷൻ യോഗം തീരുമാനിച്ചു. ചോദ്യങ്ങൾ ഒഴിവാക്കിയത് വിജിലൻസ് ആഭ്യന്തരവിഭാഗം എസ് പിയുടെ നേതൃത്വത്തിൽ അന്വേഷിക്കും. നിയമനത്തിലെ അട്ടിമറി പുറത്തുകൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യുസായിരുന്നു.
ലക്ഷണക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ആശ്രയമായ പിഎസ് സിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന വിവാദത്തിലാണ് ഒടുവിൽ നടപടി. ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻറ് ഇൻഫ്രാസ്ട്രെക്ചർ വിഭാഗം ചീഫ്, പേഴ്സ്പ്ടീവ് പ്ലാനിംഗ് വിഭാഗം ചീഫ്, പ്ലാനിംഗ് കോർഡിനേഷൻ ഡിവിഷൻ ചീഫ് തസ്തികകളിലേക്കുള്ള നിയമനങ്ങളിലാണ് സമഗ്ര അഴിച്ചുപണി. മൂന്ന് തസ്തികക്കും പൊതുവായ പരീക്ഷയിലെ 10 ചോദ്യങ്ങൾ ഒഴിവാക്കിയായിരുന്നു മൂല്യനിർണ്ണയം. ആദ്യ തസ്തികയിൽ ഒന്നാം റാങ്കും നിയമനവും ലഭിച്ചത് ഇടത് സർവ്വീസ് സംഘടനാ നേതാവിനാണ്. ഉത്തരക്കടലാസ് പോലും ഉദ്യോഗാർത്ഥികൾക്ക് നൽകാതെ ഒളിച്ചുകളി നടത്തിയ പിഎസ് സിയാണ് ഒടുവിൽ തിരുത്തലിന് നിർബന്ധിതരായത്.
228 പേരാണ് പരീക്ഷ എഴുതിയത്. ഒഴിവാക്കിയ പത്ത് ചോദ്യങ്ങൾക്കും ഇവരെല്ലാം നൽകിയ ഉത്തരം മൂല്യനിർണ്ണയം നടത്തും. ഇതിനകം തയ്യാറാക്കിയ റാങ്ക് പട്ടിക റദ്ദാക്കും. ചോദ്യങ്ങൾ ഒഴിവാക്കിയത് ബോധപൂർവ്വമോ അതോ സാങ്കേതിക പിഴവോ എന്നത് വിജിലൻസ് ആഭ്യന്തര വിഭാഗം എസ് പിയുടെ നേതൃത്വത്തിൽ അന്വേഷിക്കും. പുതിയ നടപടി മൂലം ഇതിനകം നടത്തിയ നിയമനം റദ്ദാക്കും. റാങ്ക് പട്ടിക മാറിമറയും. മറ്റൊരു തസ്തികയിലേക്ക് അഡൈസ് മെമ്മോ അയച്ചിരുന്നു. 2023 ജൂലൈ 13 നാണ് പ്രാഥമിക പരീക്ഷ നടന്നത്. കഴിഞ്ഞ മെയ് 31ന് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. മൂന്ന് വർഷമായിട്ടും കമ്മീഷൻ ഉദ്യോഗാർത്ഥികൾക്ക് ഉത്തരക്കടലാസ് നൽകാത്തത് വലിയ സംശയങ്ങളാണ് ഉയർത്തിയത്. 58 മാർക്കിൻറെ പത്ത് ചോദ്യങ്ങളും ഒഴിവാക്കിയതിലും ഉള്ളത് വലിയ ദുരൂഹതയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam