പിഎസ്‍സി ചോദ്യപേപ്പർ ചോർന്നത് യൂണിവേഴ്സിറ്റി കോളേജിൽ നിന്ന്; ചോർത്തിയത് ജീവനക്കാർ

By Web TeamFirst Published Aug 8, 2019, 2:35 PM IST
Highlights

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാ‌ഞ്ച് യൂണിവേഴ്സിറ്റി കോളേജിലെ ജീവനക്കാർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന നിഗമനത്തിലെത്തിയത്. പരീക്ഷ തുടങ്ങി 10 മിനുട്ട് കഴിഞ്ഞപ്പോൾ പ്രണവിന്‍റെ സുഹൃത്ത് സഫീറിന്‍റെ കൈവശം ചോദ്യപേപ്പർ കിട്ടിയെന്നാണ് പൊലീസ് മനസ്സിലാക്കുന്നത്.

തിരുവനന്തപുരം: പിഎസ്‍സി കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ചോദ്യം ചോർന്നത് യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് തന്നെയെന്ന് പൊലീസ്. കോളേജിലെ ജീവനക്കാർ തന്നെയാണ് ചോദ്യപേപ്പർ ചോർത്തിയതെന്ന് പൊലീസിന് വിവരം കിട്ടി. ശിവരഞ്ജിത്തും നസീമും പ്രണവും ജീവനക്കാരുമായി ആസൂത്രണം നടത്തിയെന്നാണ് നിഗമനം. ഇതിനിടെ കോളേജിലെ വധശ്രമക്കേസിൽ പിടികൂടാനുള്ള 11 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ലുക്കൗട്ട് നോട്ടീസ് അയച്ചു. 

പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാ‌ഞ്ച് യൂണിവേഴ്സിറ്റി കോളേജിലെ ജീവനക്കാർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന നിഗമനത്തിലെത്തിയത്. പരീക്ഷ തുടങ്ങി 10 മിനുട്ട് കഴിഞ്ഞപ്പോൾ പ്രണവിന്‍റെ സുഹൃത്ത് സഫീറിന്‍റെ കൈവശം ചോദ്യപേപ്പർ കിട്ടിയെന്നാണ് പൊലീസ് മനസിലാക്കുന്നത്.

തുടർന്ന് ഗോകുൽ എന്ന് പറയുന്ന പൊലീസുകാരനും പ്രണവും ചേർന്ന് സംസ്കൃത കോളേജിന്‍റെ വരാന്തയിലിരുന്ന് ചോദ്യങ്ങൾ പരിശോധിച്ച് ഉത്തരങ്ങൾ എസ്എംഎസായി മൂന്ന് പേർക്കും അയച്ച് കൊടുക്കുകയും ചെയ്തു. സഫീറും ഗോകുലും ഒളിവിൽ പോയെന്നാണ് വിവരം. 

യൂണിവേഴ്‍സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കള്‍ പിഎസ്‍സി കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയ സംഭവം ക്രൈംബ്രാഞ്ചാണ് ഇപ്പോൾ അന്വേഷിക്കുന്നത്. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളായിരുന്ന ശിവരജിത്ത്,പ്രണവ്, നസീം എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികൾക്ക് സന്ദേശങ്ങൾ അയച്ച നമ്പറിന്റെ ഉടമകളും കേസില്‍ പ്രതികളാവും. 

പൊലീസ് കോണ്‍സ്റ്റബിൾ പരീക്ഷയിലെ ക്രമക്കേടുകൾ സംബന്ധിച്ച് വിപുലമായ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് പിഎസ്എസി പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. അഖിൽ വധശ്രമക്കേസ് പ്രതികളായ നസീമിനും, ശിവരഞ്ജിത്തിനും, എസ്എഫ്ഐ പ്രവർത്തകനായ ഇവരുടെ സുഹൃത്ത് പ്രണവിനും പരീക്ഷാ സമയത്ത് പുറമെ നിന്ന് സഹായം ലഭിച്ചതായി പിഎസ്‍സിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 

പരീക്ഷ തുടങ്ങിയ ശേഷം പ്രണവിന്‍റെ ഫോണിലേക്ക് മൂന്നു നമ്പറുകളിൽ നിന്നായി  78 സന്ദേശങ്ങളെത്തിയെന്നായിരുന്നു പിഎസ്‍സി വിജിലൻസിന്‍റെ കണ്ടെത്തൽ. നമ്പറുകളിലൊന്നായ  7907936722  കല്ലറ സ്വദേശിയായ ഗോകുല്‍ വി എമ്മിൻറെ പേരിലാണ് എടുത്തിരിക്കുന്നത്. എസ്എപി ക്യാമ്പിലെ പൊലീസുകാരനാണ് ഗോകുൽ. 2017 ബാച്ചിലെ പൊലീസുകാരനായ ഗോകുൽ പ്രണവിന്‍റെ അയൽവാസിയും സുഹൃത്തുമാണ്.

സിം എടുക്കാനായി ഗോകുല്‍ നൽകിയത് പൊലീസിന്‍റെ ഔദ്യോഗിക നമ്പറാണെന്ന് സൈബർ സെൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ സുഹൃത്തായ പ്രണവ് പലപ്പോഴും തന്റെ ഫോണ്‍ വാങ്ങികൊണ്ടുപോകാറുണ്ടെന്നാണ് ഗോകുൽ എസ്എപി ക്യാമ്പിലെ മേലുദ്യോഗസ്ഥരോട് പറഞ്ഞത്. 

click me!