Latest Videos

Kerala police : ഒരിടത്ത് സഹപ്രവർത്തകന്റെ പൊതുദർശനം; നഗരത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ ക്രിക്കറ്റ് കളിയിൽ അതൃപ്തി

By Prabeesh bhaskarFirst Published Dec 20, 2021, 12:02 AM IST
Highlights

ജോലിക്കിടെ മരിച്ച സഹപ്രവർത്തകന്റെ പൊതുദർശനം നടക്കുമ്പോൾ നഗരത്തിൽ തന്നെ ഉന്നത ഉദ്യോഗസ്ഥരുടെ ക്രിക്കറ്റ് കളി. ഇരട്ടക്കൊലപാതകത്തിൽ നാട് വിറങ്ങലിച്ച് നിൽക്കുമ്പോഴാണ് തിരുവനന്തപുരത്ത് ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരുടെ ക്രിക്കറ്റ് മത്സരം നടന്നത്

തിരുവനന്തപുരം: ജോലിക്കിടെ മരിച്ച (Balu Death) സഹപ്രവർത്തകന്റെ പൊതുദർശനം നടക്കുമ്പോൾ നഗരത്തിൽ തന്നെ ഉന്നത ഉദ്യോഗസ്ഥരുടെ ക്രിക്കറ്റ് കളി. ഇരട്ടക്കൊലപാതകത്തിൽ  (Alappuzha Double Murder) നാട് വിറങ്ങലിച്ച് നിൽക്കുമ്പോഴാണ് തിരുവനന്തപുരത്ത് ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരുടെ ക്രിക്കറ്റ് മത്സരം നടന്നത്.

കൊലക്കേസ് പ്രതിയെ തേടിപ്പോകുന്നതിനിടെ അപകടത്തിൽപ്പെട്ട് മുങ്ങിമരിച്ച പൊലീസ് ഉദ്യോഗസ്ഥൻ എസ് ബാലുവിന്റെ പൊതുദർശനം രാവിലെ എസ്എപി ക്യാമ്പിൽ നടക്കുമ്പോഴാണ് കാര്യവട്ടം ക്യാമ്പസിൽ ക്രിക്കറ്റ് കളി. ഐഎഎസ് ഐ എ എസ് ഉദ്യോഗസ്ഥർ തമ്മിലുള്ള മത്സമാണ് രാവിലെ എട്ട് മണി മുതൽ 12 മണി വരെ നടന്നത്. തന്റെ കീഴിലുള്ള ഉദ്യോഗസ്ഥന്റെ പൊതുദർശനം ക്യാമ്പിൽ നടക്കുമ്പോൾ ട്രെയിനിംഗ് എഡിജിപി യോഗേഷ് ഗുപ്ത ആവേശത്തോടെ ക്രിക്കറ്റ് കളിക്കുകയായിരുന്നു.

തിരുവനന്തപുരം ഡിസിപി വൈഭവ് സക്സേന കളിക്കാൻ പോയതിനാൽ പൊതുദർശനം കഴിഞ്ഞാണ് എസ്എപി ക്യാമ്പിലെത്താൻ കഴിഞ്ഞത്. ഉന്നത ഉദ്യോഗസ്ഥരുടെ നടപടിയിൽ പൊലീസ് സേനക്കുള്ളിൽ കടുത്ത അതൃപ്തി ഉണ്ട്. ആലപ്പുഴയിലെ ഇരട്ട കൊലപാതകത്തിൽ കനത്ത ജാഗ്രതാ നിലനിൽക്കുമ്പോഴായിരുന്നു ക്രിക്കറ്റ് കളി.

സേനയിൽത്തന്നെ ഒരംഗത്തിന്‍റെ വിയോഗമുണ്ടായിട്ടും, തെക്കൻ കേരളത്തിലെ ഒരു ജില്ലയിൽത്തന്നെ രണ്ട് രാഷ്ട്രീയ കക്ഷികളിൽപ്പെട്ട രണ്ട് മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ട് മണിക്കൂറുകൾ പോലും കഴിയുന്നതിന് മുമ്പേ ആസ്വദിച്ച് ചിരിച്ച് തിമർത്ത് ക്രിക്കറ്റ് കളിക്കുന്ന ഉദ്യോഗസ്ഥരുടെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 

പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതി രാജേഷിനെ പിടികൂടാൻ പോകുന്നതിടെ വർക്കലയിൽ വച്ച് വള്ളം മുങ്ങിയാണ് പൊലീസുദ്യോഗസ്ഥനായ ബാലു മരിക്കുന്നത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേർ രക്ഷപ്പെട്ടു. സിഐ ഉൾപ്പടെ മൂന്ന് പൊലീസുകാരാണ് ബാലുവിനൊപ്പം വള്ളത്തിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് വള്ളം ആടിയുലഞ്ഞ് മറിഞ്ഞത്. ബാലുവിന് നീന്തൽ അറിയുമായിരുന്നില്ല എന്നതിനാൽ ചെളിയിൽ ആഴ്ന്ന് പോയതാണെന്നാണ് ഒപ്പമുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥർ പറയുന്നത്. 

ബാലു ട്രെയിനിംഗ് പൂർത്തിയാക്കി ആഴ്ചകൾ മാത്രമേ ആകുന്നുണ്ടായിരുന്നുള്ളൂ. ഈ മാസം 15-നാണ് ബാലു ഉള്‍പ്പടെ 50 പൊലീസുകാര്‍ എസ്എപി ക്യാമ്പില്‍ നിന്ന് ശിവഗിരി ഡ്യൂട്ടിക്ക് പോയത്.ആലപ്പുഴ പുന്നപ്ര സ്വദേശിയായ ഇദ്ദേഹം സെപ്റ്റംബറിലാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ബിടെക് ധനതത്വശാസ്ത്രം എന്നിവിയില്‍ ബിരുദം നേടിയിട്ടുണ്ട്. ട്രെയിനിംഗ് എഡിജിപി യോഗേഷ് ഗുപ്തയുടെ കീഴിൽ ട്രെയിനിംഗ് പൂർത്തിയാക്കിയ ഒരു പൊലീസുദ്യോഗസ്ഥന് ദാരുണാന്ത്യം സംഭവിച്ചിട്ടും, ഒന്ന് കണ്ട് ആദരാഞ്ജലികൾ അർപ്പിക്കാൻ പോലും യോഗേഷ് ഗുപ്ത എത്തിയില്ല. 

ഇതോടൊപ്പം തന്നെയാണ് നാട് വിറങ്ങലിച്ച് നിൽക്കുന്ന ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് ഈ ക്രിക്കറ്റ് കളി നടന്നതെന്ന കാര്യവും ശ്രദ്ധേയമാകുന്നത്. 12 മണിക്കൂറിന്‍റെ ഇടവേളയിൽ ഉണ്ടായ രണ്ട് കൊലപാതകങ്ങൾ അക്ഷരാർത്ഥത്തിൽ  ആലപ്പുഴയെ നടുക്കി. സംസ്ഥാനത്തെമ്പാടും ജാഗ്രതാനിർദേശം നിലവിലുണ്ട്. ആക്രമണങ്ങളോ പ്രത്യാക്രമണങ്ങളോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമുണ്ടായിരുന്നു.

click me!