പുനലൂരിൽ അടി തീരുന്നില്ല; ലീഗ് സ്ഥാനാർത്ഥിക്ക് എതിരെ മത്സരിക്കാൻ കോൺഗ്രസ് റിബൽ, പിന്മാറില്ലെന്ന് പ്രാദേശിക നേതൃത്വം

Published : Mar 20, 2026, 02:50 PM IST
punalur congress

Synopsis

പുനലൂര്‍ സീറ്റ് മുസ്‍ലിം ലീഗിന് നൽകിയതിൽ പ്രതിഷേധിച്ച് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം വിമത സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ഡിസിസി ട്രഷറര്‍ നെൽസൺ സെബാസ്റ്റ്യനെയാണ് സ്ഥാനാർത്ഥിയാക്കിയത്.

കൊല്ലം: സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി വിമത ഭീഷണിയും പ്രതിഷേധവും തീരാതെ യുഡിഎഫ്. പുനലൂര്‍ മുസ്‍ലിം ലീഗിന് നൽകിയതിനെതിരെ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള നീക്കത്തിൽ നിന്ന് പിന്മാറാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം. ഡിസിസി ട്രഷറര്‍ നെൽസൺ സെബാസ്റ്റ്യനെ വിമത സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നു. പുനലൂര്‍ പ്രശ്നം ഡിസിസിയുടെ കയ്യിൽ നിൽക്കുന്നതല്ലെന്നും സംസ്ഥാന നേതൃത്വം ഇടപെടണമെന്നും കൊല്ലം ഡിസിസി പ്രസിഡന്‍റ് ആവശ്യപ്പെട്ടു. അനുനയനീക്കം എഐസിസിയും സംസ്ഥാന നേതൃത്വവും നടത്തും. പുനലൂരിലെ സ്ഥാനാർത്ഥിയായി നൗഷാദ് യൂനുസിന്‍റെ പേരാണ് ലീഗ് പ്രഖ്യാപിച്ചത്. തൊട്ടു പിന്നാലെ തന്നെ പ്രാദേശിക കോൺഗ്രസ് നേതൃത്വം യോഗം ചേർന്ന് സ്വയം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയായിരുന്നു.

ഡിസിസി ട്രഷററും പുനലൂർ മണ്ഡലം യുഡിഎഫ് ചെയർമാനും പുനലൂർ നഗരസഭ യുഡിഎഫ് പാർലമെന്‍ററി പാർട്ടി ലീഡറുമായ നെൽസൺ സെബാസ്റ്റ്യനെയാണ് സ്ഥാനാർത്ഥിയാക്കിയത്. പുനലൂർ രാജാരോഹിണി ഓഡിറ്റോറിയത്തിൽ ചേർന്ന അഞ്ചൽ, പുനലൂർ ബ്ലോക്കുകളിലെ കോൺഗ്രസ് ഭാരവാഹികളുടേയും ജനപ്രതിനികളുടേയും യോഗമാണ് സ്ഥാനാർഥിയെ നിശ്ചയിച്ചത്. കോൺഗ്രസിൻറെ സ്ഥാനാർത്ഥി മത്സരിച്ചാൽ വിജയ സാധ്യത ഉറപ്പാണെന്ന് പലതവണ പ്രാദേശിക നേതൃത്വം കോൺഗ്രസിന്റെ എല്ലാ മുതിർന്ന നേതാക്കളെയും അറിയിച്ചിരുന്നതാണെന്ന് കെപിസിസി മുൻ ഉപാധ്യക്ഷൻ ഭാരതീപുരം ശശി പറഞ്ഞു.കഴിഞ്ഞ രണ്ടു തവണ മുസ്ലിം ലീഗിന് വിട്ടു നൽകിയതോടെ പുനലൂരിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം വർധിക്കുകയാണ് ഉണ്ടായതെന്നാണ് വാദം. ഇതോടെ സീറ്റ് കോൺഗ്രസിന് തിരിച്ചു നൽകണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. സാമുദായിക സമവാക്യങ്ങൾ അടക്കം കണക്കിലെടുത്തുള്ള സ്ഥാനാർത്ഥി ചർച്ചകളും പുരോഗമിച്ചു.

കെ ശശിധരൻ, എസ്.ഇ. സഞ്ജയ്ഖാൻ, സൈമൺ അലക്സ്, ഏരൂർ സുഭാഷ് തുടങ്ങിയവരൊക്കെ സ്ഥാനാർത്ഥി ആകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആർക്കും സീറ്റ് നൽകിയില്ല. സ്ഥാനാർത്ഥി ചർച്ചകളുടെ ആദ്യഘട്ടത്തിൽ തന്നെ ലീഗ് പുനലൂർ സീറ്റ് വേണ്ടെന്ന് പറഞ്ഞിരുന്നതാണ് അവസാന വട്ടത്തിൽ അട്ടിമറിച്ച് ലീഗിന് തന്നെ സീറ്റ് നൽകി. കോൺഗ്രസ് പുനലൂർ ബ്ലോക്ക് പ്രസിഡന്റ് സി വിജയകുമാർ അധ്യക്ഷത വഹിച്ചു. കെപിസിസി മുൻ ഉപാധ്യക്ഷൻ ഭാരതീപുരം ശശി, കെപിസിസി ജനറൽ സെക്രട്ടറി സൈമൺ അലക്സ്, ഡിസിസി സെക്രട്ടറിമാരായ കെ.ശശിധരൻ, എസ്.ഇ.സഞ്ജയ് ഖാൻ, സഞ്ജു ബുഖാരി, ഏരൂർ സുഭാഷ്, അമ്മിണി രാജൻ, പി. ബി. വേണുഗോപാൽ, അഞ്ചൽ ബ്ലോക്ക് പ്രസിഡന്റ് സി.ജെ. ഷോം തുടങ്ങിയവർ പ്രസംഗിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പെരുന്നാൾ ഖുതുബക്കിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു
പാർട്ടി വിടുന്നവർക്ക് മുന്നറിയിപ്പുമായി രമേശ് ചെന്നിത്തല; 'സീറ്റ് കിട്ടാത്തവർ പാർട്ടി വിടരുത്, പോയാൽ അനുഭവിക്കേണ്ടി വരും'