അക്കൌണ്ട് തട്ടിപ്പ്: കോഴിക്കോട് കോർപ്പറേഷനും വീഴ്ച; ലോക്കൽ ഫണ്ട് ഓഡിറ്റ് നൽകിയ നിർദ്ദേശം പാലിച്ചില്ല

By Web TeamFirst Published Dec 1, 2022, 4:51 PM IST
Highlights

പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ എംപി റിജിൽ തട്ടിയെടുത്ത 2.53 കോടിയോളം രൂപയാണ് കോർപ്പറേഷന്റെ അക്കൗണ്ടിലേക്ക് ബാങ്ക് തിരിച്ചടച്ചത്. ബാങ്ക് പണം തട്ടിയ മാനേജർ എംപി റിജിൽ ഇപ്പോഴും ഒഴിവിലാണ്.

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷന്റെ ബാങ്ക് അക്കൌണ്ടിൽ നിന്നും തട്ടിയ പണത്തിൽ രണ്ടര കോടി പഞ്ചാബ് നാഷണൽ ബാങ്ക് തിരികെ നൽകി. മാനേജർ എംപി റിജിൽ തട്ടിയെടുത്ത 2.53 കോടിയോളം രൂപയാണ് പഞ്ചാബ് നാഷണൽ ബാങ്ക്,   കോർപ്പറേഷന്റെ അക്കൗണ്ടിലേക്ക് തിരിച്ചടച്ചത്. ബാങ്ക് പണം തട്ടിയ മാനേജർ എംപി റിജിൽ ഇപ്പോഴും ഒഴിവിലാണ്. ബാങ്ക് മാനേജർ എം.പി. റിജിൽ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതതിനെതിരെ കോർപറേഷൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവാദിത്തമേറ്റെടുത്ത് പഞ്ചാബ് നാഷണൽ ബാങ്കിന്റെ നടപടി. 

ബാങ്ക് തട്ടിപ്പിൽ കോഴിക്കോട് കോർപ്പറേഷന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായാണ് വിവരം. ബാങ്ക് ഇടപാടുകൾ കൃത്യമായി നിരീക്ഷിക്കാൻ ലോക്കൽ ഫണ്ട് ഓഡിറ്റ് നൽകിയ നിർദ്ദേശം കോർപ്പറേഷൻ പാലിച്ചില്ലെന്നാണ് കണ്ടെത്തൽ. ഓഡിറ്റ് റിപ്പോർട്ടിലെ രേഖകളും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

അതിനിടെ കോഴിക്കോട് കോർപ്പറേഷൻ യുഡി എഫ് കൗൺസിലർമാർ തട്ടിപ്പിനെതിരെ വിജിലൻസിന് പരാതി നൽകി. കോർപ്പറേഷന് നിലവിലുള്ള നാല് ബാങ്ക് അക്കൌണ്ടുകളും പരിശോധിക്കണമെന്നും കോർപ്പറേഷൻ സെക്രട്ടറിയെ മാറ്റി നിർത്തി അന്വേഷണം നടത്തണം പ്രതിപക്ഷ കൌൺസിലർമാർ ആവശ്യപ്പെട്ടു. കോർപ്പറേഷൻ ഭരണ സമിതിക്ക് തുടരാൻ അർഹതയില്ല.  രാജി വെച്ചൊഴിയണം. കോർപ്പറേഷൻ സെക്രട്ടറിയുടെ പ്രവർത്തനം പരാജയമാണ്. വലിയ സാമ്പത്തിക തട്ടിപ്പാണ് ബാങ്ക് അക്കൌണ്ടുമായി ബന്ധപ്പെട്ട് നടന്നത്.  ധനകാര്യ സ്ഥിതിയെ കുറിച്ച് ധവള പത്രം ഇറക്കാൻ ഭരണ സമിതി തയ്യാറാകണമെന്നും യുഡിഎഫ് കൌൺസിലർമാർ ആവശ്യപ്പെട്ടു. 

കോര്‍പറേഷന്‍റെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ബാങ്കിന്‍റെ എരഞ്ഞിപ്പാലം ശാഖയിലെ മാനേജര്‍ റിജില്‍ അച്ഛന്‍റെ അക്കൗണ്ടിലേക്ക് 98 ലക്ഷത്തിലേറെ രൂപ മാറ്റയതായാണ് കോര്‍പറേഷന്‍ ആദ്യം കണ്ടെത്തിയത്. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കോര്‍പറേഷന്‍ ബാങ്കിനെ സമീപിച്ചപ്പോള്‍ പണമില്ലെന്ന് കണ്ടെത്തി. അന്വേഷിച്ചപ്പോള്‍ പിഴവ് സംഭവിച്ചെന്നായാരുന്നു ബാങ്കിന്‍റെ വിശദീകരണം. പണം അക്കൗണ്ടിലേക്ക് ഓട്ടോ ക്രെഡിറ്റാവുകയും ചെയ്തു. പിന്നീട് മറ്റൊരു അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ച ശേഷം കോര്‍പ്പറേഷന്‍ വിശദമായ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചു. അപ്പോഴാണ് വലിയ തിരിമറി നടത്തതായി വ്യക്തമാകുന്നത്. 

കോഴിക്കോട് കോർപ്പറേഷൻ്റെ ബാങ്ക് അക്കൌണ്ടിൽ തിരിമറി; പിഎൻബി സീനിയർ മാനേജർ സസ്പെൻഷനിൽ

ബാങ്ക് മാനേജര്‍ റിജിലിനെ  പഞ്ചാബ് നാഷണല്‍ ബാങ്ക് സസ്പെന്‍റ്  ചെയ്തു. ആഭ്യന്തര അന്വേഷണവും ബാങ്ക് തുടങ്ങി. കോര്‍പറേഷന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13 അക്കൗണ്ടുകളാണ് ഉള്ളത്. ഇതില്‍ കോഴിക്കോട് ലിങ്ക് റോഡ് ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പണം തിരിമറി നടത്തിയത്.റിജില്‍ ഈ ശാഖയില്‍ നേരത്തെ മാനേജരായിരുന്നു.ലിങ്ക് റോഡ് ശാഖയിലെ മാനേജരുടെ പരാതിയിലും ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുകയാണ്. 

കോർപ്പറേഷൻ്റെ ബാങ്ക് അക്കൌണ്ടിൽ നിന്ന് പണം തട്ടിയ മാനേജർ ഒളിവിൽ, അന്വേഷണത്തിൽ പൊലീസിന്റെ മെല്ലെപ്പോക്ക്

 


 

click me!