
തൃശൂര്‍/കോഴിക്കോട്: ട്രെയിൻ യാത്രക്കിടെ ബാഗ് തട്ടിപ്പറിച്ച് മോഷ്ടാവ് റെയില്‍ പാളത്തിലേക്ക് ചവിട്ടി തള്ളിയിട്ടതിന്‍റെ ഭീതി ഇപ്പോഴും വിട്ടുമാറിയിട്ടില്ല തൃശൂര്‍ തലോര്‍ സ്വദേശി അമ്മിണിക്ക്. ഇന്നലെ പുലര്‍ച്ചെ കോഴിക്കോട് നിന്ന് ട്രെയിൻ വിട്ട ഉടനെയാണ് മോഷ്ടാവ് പണവും മൊബൈല്‍ ഫോണും അടങ്ങിയ ബാഗ് തട്ടിയെടുത്ത് അമ്മിണിയെ പാളത്തിലേക്ക് ചവിട്ടി തള്ളിയിട്ടത്.
സമ്പര്‍ക്ക്ക്രാന്തി എക്സ്പ്രസ്സില്‍ എസ് വണ്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന അറുപത്തിനാലുകാരിയായ അമ്മിണിയെ ഇന്നലെ പുലര്‍ച്ചെയാണ് മോഷ്ടാവ് അക്രമിച്ചത്. പുലര്‍ച്ചെ നാലരയോടെ ശുചിമുറിക്ക് സമീപം വെച്ച് ഇവരുടെ ബാഗ് മോഷ്ടാവ് തട്ടിപ്പറിച്ചു .ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മിണിയെ മോഷ്ടാവ് ചവിട്ടി ട്രെയിനിന് പുറത്തേക്ക് തള്ളിയിട്ടു.
സഹോദരനും അമ്മിണിക്ക് ഒപ്പം ഉണ്ടായിരുന്നു. ഇവരുടെ ബഹളം കേട്ട് സഹയാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിൻ നിര്‍ത്തിച്ചു. സംഭവത്തിന്‍റെ ഞെട്ടിലിലാണ് ഇപ്പോഴും അമ്മിണി. ട്രാക്കിലേക്ക് വീണതിന് തൊട്ട് പിന്നാലെ മറ്റൊരു ട്രെയിൻ കടന്നു പോയതായും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും അമ്മിണി പറഞ്ഞു. ആക്രമണത്തിന്‍റെ ഞെട്ടലിലാണ് ഇപ്പോഴുമെന്നും ഭീതി വിട്ടുമാറിയിട്ടില്ലെന്നും അമ്മിണി പറഞ്ഞു.
പാളത്തില്‍ വീണ് തലക്ക് പരിക്കേറ്റ അമ്മിണി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. തലക്ക് നാല് സ്റ്റിച്ചുണ്ട്. സഹോദരിയുടെ ഭര്‍ത്താവിന്‍റെ മരണാനന്തര ചടങ്ങിന് മുംബെയ്ക്കുപോയി തൃശ്ശൂരിലേക്ക് മടങ്ങും വഴിയാണ് മോഷ്ഠാവിന്‍റെ ആക്രമണം. മോഷ്ടാവ് കവര്‍ന്ന ബാഗില്‍ 8000 രൂപയും മൊബൈല്‍ ഫോണുമുണ്ടായിരുന്നു. കോഴിക്കോട് റെയില്‍വേ പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി. ഏതാണ്ട് 35 വയസ് പ്രായ തോന്നിക്കുന്ന ആളാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. കേസ് അന്വേഷണം തുടങ്ങിയതായും കോഴിക്കോട് റെയില്‍വേ പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam