വയനാട്: പുത്തുമലയിൽ ദുരന്തക്കാഴ്ചകൾ മാത്രമാണ് ചുറ്റിലും. കേരളത്തിലെ ഏറ്റവും വലിയ മണ്ണിടിച്ചിലുകളിലൊന്നുണ്ടായ പുത്തുമലയിൽ ജീവനോടെ രക്ഷപ്പെട്ടവർക്ക് ഓർക്കാൻ വയ്യ ആ രാത്രി. കൈക്കുഞ്ഞിനെയടക്കം നെഞ്ചിൽ ചേർത്ത് വെള്ളത്തിൽ മുങ്ങിപ്പൊങ്ങി രക്ഷപ്പെട്ട അമ്മമാർ മുതൽ വൃദ്ധർ വരെയുണ്ട് അവരിൽ.
ചുറ്റും നിലവിളികൾ മാത്രം കേട്ട ആ രാത്രി. കൈക്കുഞ്ഞിനെ നെഞ്ചോട് ചേർത്ത് എങ്ങനെയോ ഓടി രക്ഷപ്പെട്ടതാണ് പ്രജിത.
''വെള്ളം വരുന്ന ശബ്ദം കേട്ടപ്പോ തൊട്ടിലിന്ന് കുഞ്ഞിനേം എടുത്തോടിയതാ. അങ്ങനെ അടിച്ചു വീണ് ഞാനൊക്കെ വെള്ളത്തിൽ മുങ്ങിപ്പൊങ്ങുവായിരുന്നു. കാലിലെ ചെരിപ്പൊക്കെ പോയിട്ട് പിന്നെ എങ്ങനെയോ രക്ഷപ്പെട്ട് കയറിയതാ'', പ്രജിത കണ്ണീരോടെ പറയുന്നു.
ജീവിതവും മരണവും മാറി മാറി വന്ന നിമിഷങ്ങൾ. തകർന്നുപോയ പാഡികളിലൊന്നിലായിരുന്നു പ്രജിതയും. പ്രസവം കഴിഞ്ഞ് രണ്ട് മാസം തികയുന്നതേയുള്ളു. ശസ്ത്രക്രിയ നടത്തിയ അവശതകളുമുണ്ട്. പക്ഷേ, ജീവൻ രക്ഷിക്കാൻ ഓടിയേ മതിയാകുമായിരുന്നുള്ളൂ. മൂന്ന് വയസ്സുള്ള മറ്റൊരു മകനും അച്ഛനും അമ്മയും അമ്മൂമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്.
''ജീവൻ കിട്ടിയവരെല്ലാം കയ്യിൽകിട്ടിയതെല്ലാം എടുത്തോടുകയായിരുന്നു.
കാട്ടിലൂടെ കുറേ ഓടി. നിലവിളികൾ മാത്രം കേട്ട രാത്രി ദുരന്തമേഖലയ്ക്ക് അടുത്ത് തന്നെ തങ്ങി. പിന്നെ ക്യാമ്പിലേക്കും അവിടെ നിന്ന് ബന്ധുവീട്ടിലേക്കും പോയി. മരണം കൂട്ടിക്കൊണ്ട് പോയവർക്കിടയിൽ പ്രതീക്ഷയുടെ ചെറുവെട്ടമാവുകയാണ് പ്രജിതയുടെ കുഞ്ഞ്. അങ്ങനെയാണ് പലപ്പോഴും. ഇരുട്ടിലെവിടെയെങ്കിലും അതിജീവനത്തിന്‍റെ ഒരു ചെറുവെട്ടമുണ്ടാകും. മുന്നോട്ടുപോകാൻ. ഇടറി വീഴാതിരിക്കാൻ ...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam