
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാൻ സാധിക്കാത്തതിലെ വിഷമം പങ്കുവെച്ച് പി വി അൻവർ. ദിവസങ്ങൾക്ക് മുമ്പേ തലസ്ഥാനത്ത് എത്തിയെങ്കിലും, അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തെത്തുടർന്ന് ചടങ്ങിൽ നേരിട്ട് പങ്കെടുക്കാനാകാതെ നിരാശയിലാണ് അൻവർ. സത്യപ്രതിജ്ഞാ ചടങ്ങ് നേരിൽ കാണണമെന്ന അതിയായ ആഗ്രഹത്തോടെ രണ്ടു ദിവസം മുൻപാണ് അൻവര്‍ തിരുവനന്തപുരത്ത് എത്തിയത്. എന്നാൽ കഴിഞ്ഞ ദിവസം തലസ്ഥാനത്തുണ്ടായ ചെറിയൊരു അപകടത്തെ തുടർന്ന് ഡോക്ടർമാർ ഇദ്ദേഹത്തിന് പൂർണ്ണമായ ബെഡ് റെസ്റ്റ് നിർദ്ദേശിക്കുകയായിരുന്നു.
നിലവിൽ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ വിശ്രമത്തിലാണ്. മീഡിയ വഴി ചടങ്ങ് കാണുക മാത്രമാണ് ഏക വഴിയെന്നും അൻവര്‍ ഫേസ്ബുക്കിൽ കുറിച്ചു. "പുതിയ സർക്കാരിനും, ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും, മറ്റു മന്ത്രിമാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി, അവരോടൊപ്പം നിൽക്കാനും അവർക്കായി മികച്ച രീതിയിൽ പ്രവർത്തിക്കാനും ഈ പുതിയ സർക്കാരിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു," എന്ന് ഇദ്ദേഹം ആശംസ സന്ദേശത്തിൽ അറിയിച്ചു.
അതേസമയം, സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കൾ തലസ്ഥാനത്തെത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ, കെസി വേണുഗോപാൽ എന്നിവർ എത്തി സ്വീകരിച്ചു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ ശിവകുമാർ, രേവന്ത് റെഡ്ഡി എന്നിവരും തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്. കനത്ത സുരക്ഷയിലാണ് തലസ്ഥാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam