
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം സ്വരാജിന്‍റെ പേര് പ്രഖ്യാപിക്കപ്പെട്ടപ്പോഴേ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ഒരു ആഹ്വാനമുണ്ടായിരുന്നു. 'എന്‍റെ വോട്ട് നിലമ്പൂരിലായിരുന്നെങ്കില്‍... സ്വരാജിനാവുമായിരുന്നു വോട്ട്'. കേരളത്തിലെ നിരവധി ഇടത് അനുകൂല സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും ബുദ്ധിജീവികളും ഈ മുദ്രാവാക്യമുയര്‍ത്തി സ്വരാജിന് പരസ്യമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് വലിയ ചര്‍ച്ചയായി. ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പൊരിഞ്ഞ ചര്‍ച്ചകള്‍ ഇതിനെച്ചൊല്ലി നടന്നു. ചില സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഈ സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നേരിട്ട് പങ്കാളികളാവുകയും ഏറ്റുമുട്ടുകയും ചെയ്തു. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഈ സാംസ്‌കാരിക നായകന്‍മാരുടെ ക്യാംപയിന്‍ വിഫലമായതാണ് കേരളം കണ്ടത്.
കേരളത്തില്‍ ഇതിന് മുമ്പൊരു തെരഞ്ഞെടുപ്പും സാംസ്‌കാരിക പ്രവര്‍ത്തകരെ കുറിച്ച് ഇത്രയേറെ ചര്‍ച്ച ചെയ്തിട്ടില്ല, സാംസ്‌കാരിക കേരളം രണ്ട് ചേരിയിലായിട്ടില്ല. അഗാധ പാണ്ഡിത്യവും വാക്‌ചാരുതിയുമുള്ള എം സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതോടെ നിലമ്പൂരിലേക്ക് സാംസ്‌കാരിക കേരളം വലിച്ചിഴയ്ക്കപ്പെടുകയായിരുന്നു എന്നതാണ് സത്യം. സിപിഎമ്മിന്‍റെ ഭാവി മുഖ്യമന്ത്രിയായി അണികള്‍ നോക്കിക്കാണുന്ന സ്വരാജിന്‍റെ അചഞ്ചലമായ നിലപാടും കണിശതയും വായനയുമെല്ലാം എഴുത്തുകാരടക്കമുള്ള ഇടത് അനുകൂല സാംസ്‌കാരിക പ്രവര്‍ത്തകരെ ആകര്‍ഷിച്ചു. 'എന്‍റെ വോട്ട് നിലമ്പൂരിലായിരുന്നെങ്കില്‍ സ്വരാജിനാവുമായിരുന്നു വോട്ട്' എന്നതായിരുന്നു ഇവര്‍ മുന്നോട്ടുവെച്ച സന്ദേശം. ഇതിന്‍റെ ചുവടുപിടിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ക്യാംപയിനും നടന്നു. ഇടത് അനുകൂല സാംസ്‌കാരിക പ്രവര്‍ത്തകര്‍ പലരും നിലമ്പൂരില്‍ നേരിട്ടെത്തി സ്വരാജിനായി കളത്തിലിറങ്ങുകയും ചെയ്തു.
എന്നാല്‍ 'എന്‍റെ വോട്ട് നിലമ്പൂരിലായിരുന്നെങ്കില്‍ സ്വരാജിനാവുമായിരുന്നു വോട്ട്' എന്ന ഇടത് അനുകൂല സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രഖ്യാപനം വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടു. ഇടതിനെ പിന്തുണച്ചാല്‍ മാത്രമേ ഒരാള്‍ സാംസ്‌കാരിക പ്രവര്‍ത്തകരും ബുദ്ധിജീവികളും ആവുകയുള്ളോ എന്നായിരുന്നു ഉയര്‍ന്ന ഒരു ചോദ്യം. ഇടത് സര്‍ക്കാരിന്‍റെ പല ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മൗനം പാലിക്കുന്നവരും ഭരണവിരുദ്ധ തരംഗം കണ്ടില്ലെന്ന് നടിക്കുന്നവരും സ്വരാജിനെ പിന്തുണയ്‌ക്കാനായി ഇത്രയധികം എന്തിന് മുറവിളി കൂട്ടുന്നു എന്നതായിരുന്നു മറ്റൊരു വിമര്‍ശനം. 'പിണറായിപക്ഷം' ചേര്‍ന്ന് അവാര്‍ഡുകളും സ്ഥാനമാനങ്ങളും മോഹിച്ചുള്ള എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും അടവാണ് സ്വരാജിനുള്ള പിന്തുണയെന്നും വിമര്‍ശിക്കപ്പെട്ടു. ഇത്രയും കാലം ഒളിഞ്ഞിരുന്നവര്‍ ഇപ്പോള്‍ എവിടെ നിന്ന് പ്രത്യക്ഷപ്പെട്ടു എന്ന് ശങ്കിച്ചവരുമേറെ.
ഈ വിമര്‍ശനങ്ങളെയെല്ലാം സിപിഎമ്മിന്‍റെ സൈബര്‍ സഖാക്കള്‍ ഉരുളയ്ക്ക് ഉപ്പേരി മാതൃകയില്‍ നേരിടുന്നതും കഴിഞ്ഞ ഒരു മാസത്തിനിടെ കേരളം കണ്ടു. 'ഇടത് മനസുള്ളവര്‍, സ്വരാജിനെ ഇഷ്ടപ്പെടുന്നവര്‍, അവര്‍ സാംസ്‌കാരിക പ്രവര്‍ത്തകരായാലും ബുദ്ധിജീവികളായാലും സ്വരാജിനെ പിന്തുണയ്ക്കും' എന്നായിരുന്നു സൈബറിടത്ത് ഇടത് മുന്നണിപ്പോരാളികളുടെ വാദം. 'കോണ്‍ഗ്രസ് രാഷ്ട്രീയത്തെ, അല്ലെങ്കില്‍ യുഡിഎഫ് രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നവരെ നിങ്ങളും ഇറക്കൂ' എന്നായി അവരുടെ വെല്ലുവിളി. 'ഇടതുപക്ഷത്തെ ഇഷ്‌ടപ്പെടുന്നവര്‍ ആ രാഷ്ട്രീയം തുറന്നുപറയും, നിങ്ങള്‍ക്ക് നിങ്ങളുടെ രാഷ്ട്രീയം തുറന്നുപറയാന്‍ എന്തേ മടി' എന്നുമായി യുഡിഎഫിനോട് സിപിഎം അനുകൂല സൈബര്‍ സംഘങ്ങളുടെ വെല്ലുവിളി. എന്തായാലും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഇടത് സ്ഥാനാര്‍ഥി എം സ്വരാജ് പരാജയപ്പെടുകയും യുഡിഎഫിന്‍റെ ആര്യാടന്‍ ഷൗക്കത്ത് വിജയിക്കുകയും ചെയ്തിരിക്കുകയാണ്. 'സോ കോള്‍ഡ്' സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് ഇനി എന്തെങ്കിലും പറയാനുണ്ടോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.