
ആലുവ പെരുമ്പാവൂർ റോഡിലെ പണി തുടങ്ങാനാകാത്തത് കിഫ്ബിയുമായി ബന്ധപ്പെട്ട തർക്കമുള്ളതിനാലാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. 24 മീറ്റർ വീതി വേണമെന്നാണ് കിഫ്ബി യുടെ നിലപാട്. എന്നാൽ 16 മീറ്റർ മതിയെന്ന് നാട്ടുകാർ പറയുന്നു. ഈ തർക്കം നിലനിൽക്കുന്നതിനാലാണ് പണി തുടങ്ങാത്തത് . അതുകൊണ്ടാണ് താൽകാലിക പാച്ച് വർക്ക് ചെയ്തത്. അത് മതിയാവില്ല എന്ന് പൊതുമരാമത്ത് വകുപ്പിന് അറിയാമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു
അറ്റകുറ്റപ്പണി കഴിഞ്ഞ ആലുവ പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരിക്ക്, കുഴിയടച്ച് നാട്ടുകാർ
കൊച്ചി : അറ്റകുറ്റപ്പണി കഴിഞ്ഞ് ദിവസങ്ങൾ മാത്രം ആയ ആലുവ പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരിക്ക് . ഇന്ന് രാവിലെ ആണ് ജോലിക്ക് പോകവേ യുവാവ് കുഴിയിൽ വീണ് അപകടത്തിൽ പെട്ടത്. അപകടത്തിനു പിന്നാലെ നാട്ടുകാർ റോഡിലെ കുഴികൾ കല്ലും മണ്ണും ഉപയോഗിച്ച് അടച്ചു. 10 ലക്ഷം രൂപ ചെലവാക്കിയാണ് 22 ദിവസം മുമ്പ് ആലുവ പെരുമ്പാവൂർ റോഡിലെ കുഴികൾ അടച്ചത് . എന്നാൽ ദിവസങ്ങൾക്കുളളിൽ റോഡ് വീണ്ടും പൊട്ടിപ്പൊളിഞ്ഞു. കുഴി ഇല്ലാത്ത ഒരിടംപോലും ഇല്ലാത്ത അവസ്ഥയായി . ഇതിനെതിരെ നാട്ടുകാർ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ടാർ ഇട്ട് ദിവസങ്ങൾക്ക് അകം റോഡ് പൊട്ടിപ്പൊളിഞ്ഞ വിഷയത്തിൽ ഹൈക്കോടതിയും ഇടപെട്ടിരുന്നു. റോഡ് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകി. തുടർന്ന് കളക്ടർ അടക്കം ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി റോഡ് പരിശോധിച്ചിരുന്നു . കിഫ്ബി ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മടങ്ങി .
അതേസമയം പരിപാലന കാലാവധി കഴിഞ്ഞ റോഡുകളിൽ കുഴികളുണ്ടായാൽ ആരു പരിപാലിക്കണം എന്നതിലെ ആശയക്കുഴപ്പം ഒഴിവാക്കാൻ റണ്ണിംഗ് കോൺട്രാക്റ്റ് സംവിധാനം നിലവിൽ വരുകയാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.റോഡ് നിർമിക്കുമ്പോൾ തന്നെ പരിപാലന ചുമതല ആർക്കാണെന്ന് സ്ഥിരീകരിക്കും.ഇത് വ്യക്തമാകുന്ന ബോർഡുകൾ സ്ഥാപിക്കും .ഇത് നടപ്പിലാവുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഒരു ടീമിനെ ചുമതലപ്പെടുത്തുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തിയ 30000 കിലോ മീറ്റർ റോഡ് പൂർണമായും ഗുണനിലവാരമുള്ളതാക്കും.കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം റോഡിനുണ്ടാക്കുന്ന പ്രശ്നങ്ങൾ പഠിക്കാൻ ക്ലൈമറ്റ് സെല്ലിനെ ചുമതലപ്പെടുത്തി.കാലാവസ്ഥ വ്യതിയാനത്തെ പറ്റിയുള്ള കാര്യങ്ങൾ ആലോചിക്കാൻ നാളെയും മറ്റന്നാളും തിരുവനന്തപുരത്ത് സെമിനാർ സംഘടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam