സര്‍ക്കാരിന്‍റെ കുഴിയില്‍ വീണെന്ന് ശബരിമല കര്‍മസമിതിയുടെ ആത്മവിമര്‍ശനം

By Asianet MalayalamFirst Published Jul 4, 2019, 1:05 PM IST
Highlights

ശബരിമല ആചാരസംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് ശബരിമല കര്‍മസമിതി രക്ഷാധികാരി സ്വാമി ചിദാനന്ദപുരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പത്തനംതിട്ട: ശബരിമല വിഷയത്തിൽ  സംസ്ഥാന സർക്കാർ കുഴിച്ച കുഴിയിൽ  വീണു പോയെന്ന് കർമ്മസമിതി സംസ്ഥാന യോഗത്തിൽ വിമർശനം.യുവതി പ്രവേശനത്തിനെതിരെയുള്ള സമരങ്ങൾ മൂന്ന് മാസമായി നിലച്ചു.കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തിയില്ലെങ്കിൽ ഇതുവരെ നടത്തിയ സമരങ്ങൾ വെറുതെയാകുമെന്നും ശബരിമല കർമ്മസമിതി പ്രവർത്തന റിപ്പോർട്ടിൽ വിമർശനം ഉയർന്നു.

നിര്‍ജീവമായ സമരപരിപാടികള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനും പന്തളത്ത് നടക്കുന്ന ശബരിമല കർമ സമിതി യോഗത്തിൽ തീരുമാനമെടുത്തു.  നിയമനിർമ്മാണത്തിനായി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തും. പ്രവർത്തകർക്കെതിരെ നിരവധി കേസുകള്‍ വന്നത് സമരങ്ങൾക്ക് തടസമായെന്ന്  കർമ്മസമിതി ജനറൽ കൺവീനർ എസ്ജെആര്‍ കുമാർ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

തെരഞ്ഞെടുപ്പിനു ശേഷവും സംസ്ഥാന സർക്കാർ നിലപാട് മാറ്റാത്ത സാഹചര്യത്തിൽ ശക്തമായ തുടർസമരം വേണമെന്ന് യോഗം  ഉദ്ഘാടനം ചെയ്ത സ്വാമി ചിദാനന്ദപുരി പറഞ്ഞു. അതേസമയം ശബരിമല ആചാരസംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് ശബരിമല കര്‍മസമിതി രക്ഷാധികാരി സ്വാമി ചിദാനന്ദപുരി പറഞ്ഞു. 

ഇക്കാര്യത്തില്‍ കര്‍മസമിതി സമ്മര്‍ദ്ദം ചെലുത്തേണ്ട ആവശ്യം വരില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമിതിയോഗത്തിന് മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി അനുകൂലമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത് മറിച്ചാണെങ്കില്‍ കേന്ദ്രം നിയമനിര്‍മ്മാണം നടത്തും എന്നാണ് പ്രതീക്ഷ. ഇക്കാര്യം പ്രധാനമന്ത്രി തന്നെ തെരഞ്ഞെടുപ്പ് പരിപാടികളില്‍ വ്യക്തമാക്കിയതാണ്. ഇതിനായി കര്‍മ്മസമിതി സമ്മര്‍ദ്ദം ചെലുത്തേണ്ട കാര്യമുണ്ടാക്കില്ല - ചിദാനന്ദപുരി പറഞ്ഞു.
 

click me!